കേന്ദ്ര സര്‍ക്കാറിനെതിരെ മെഹുൽ ചോക്സി യു.കെ കോടതിയിൽ
text_fieldsലണ്ടൻ: കേന്ദ്ര സര്‍ക്കാറിനെതിരെ ഗുരുതര ആരോപണവുമായി വിവാദ വജ്രവ്യാപാരി മെഹുല്‍ ചോക്സി. കേന്ദ്ര സര്‍ക്കാര്‍ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് നാടുകടത്തിയെന്ന് പഞ്ചാബ് നാഷനല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസിന് പിന്നാലെ രാജ്യം വിട്ട ചോക്സി ആരോപിച്ചു.
ചോക്സിയുടെ അഭിഭാഷകരാണ് കോടതിയില്‍ ഈ ആരോപണം ഉന്നയിച്ചത്. ജസ്റ്റിസ് ഫ്രീഡ്മാന്റെ മുമ്പാകെ തിങ്കളാഴ്ച ലിസ്റ്റ് ചെയ്ത കേസിന്റെ വാദത്തിനിടെയാണ് ആരോപണം. വായ്പ തട്ടിപ്പിന് പിന്നാലെ രാജ്യംവിട്ട ചോക്സിക്കെതിരെ ലണ്ടനിലെ സിവില്‍ കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ ലണ്ടന്‍ ഹൈകോടതിയിലാണ് ഈ ആരോപണം.
കരീബിയന്‍ ദ്വീപിലെ ആന്റിഗ്വ ആൻഡ് ബാര്‍ബഡോസ് പൗരത്വമുള്ള മെഹുല്‍ ചോക്സി ഇന്ത്യയിലെ കേസിന്റെ പേരിൽ കേന്ദ്ര സര്‍ക്കാര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും നാടുകടത്തിയെന്നും ആരോപിച്ചു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. 2024 മേയ് 17നാണ് ആന്റിഗ്വയില്‍നിന്ന് 115 മൈല്‍ അകലെയുള്ള ഡെമിനിക്കൻ റിപ്പബ്ലിക്കിലേക്ക് തട്ടിക്കൊണ്ടുപോയത്.
അഞ്ച് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ രഹസ്യകേന്ദ്രത്തില്‍വെച്ച് പീഡിപ്പിച്ചു -എഡ്വേർഡ് ഫിറ്റ്സ്ജെറാൾഡിന്റെ നേതൃത്വത്തിലുള്ള ചോക്സിയുടെ അഭിഭാഷകർ വാദിച്ചു. 2021ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍നിന്ന് സ്വകാര്യവിമാനത്തില്‍ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. 2023ൽ, ചോക്സി ആന്റിഗ്വയിൽനിന്ന് ബെൽജിയത്തിലേക്ക് താമസം മാറി.
അവിടെനിന്ന് ഇന്ത്യക്ക് കൈമാറാൻ ബെൽജിയം സർക്കാർ ആരംഭിച്ച നടപടികൾ പുരോഗമിക്കുകയാണ്. ജൂൺ 13ന് ആന്റ്വെർപ്പ് കോടതിയിൽ നടന്ന വാദം കേൾക്കലിനുശേഷം ചോക്സിക്ക് ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യാപേക്ഷയിൽ ചോക്സിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർ തെളിവുകൾ ഹാജരാക്കിയതായി ഇന്ത്യയിൽ വന്ന വാർത്തകൾ വ്യാജമാണെന്ന് ചോക്സിയുടെ അഭിഭാഷകർ അവകാശപ്പെട്ടു.
ബെല്‍ജിയത്തില്‍ ചോക്സിയെ സി.ബി.ഐ കണ്ടെത്തിയെന്ന വാദം തെറ്റാണ്. നിയമപരമായ എല്ലാ രേഖകളും സമര്‍പ്പിച്ചാണ് ബെല്‍ജിയത്തിലേക്ക് താമസം മാറ്റിയത്. ഇതിന്റെ വിവരങ്ങള്‍ അധികൃതര്‍ക്ക് നൽകിയിട്ടുണ്ട്- അവർ ചൂണ്ടിക്കാട്ടി. ഇന്ത്യയെ അപമാനിക്കാനും അന്താരാഷ്ട്ര ശ്രമങ്ങൾ വഴി നേട്ടമുണ്ടാക്കാനാകുമെന്ന ഉദ്ദേശ്യത്തോടെയാണ് ചോക്സിയുടെ അവകാശവാദമെന്ന് ഇന്ത്യക്കുവേണ്ടി ഹാജരായ ഹരീഷ് സാൽവെ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

