അമർനാഥ് യാത്ര ഐക്യം കെട്ടിപ്പടുക്കാനുള്ള അവസരം -മെഹബൂബ മുഫ്തി
text_fieldsശ്രീനഗർ: വാർഷിക അമർനാഥ് യാത്ര സംരക്ഷിക്കേണ്ടത് കശ്മീരികളുടെ കടമയാണെന്നും വർധിച്ചുവരുന്ന വിദ്വേഷത്തിന്റെയും ധ്രുവീകരണത്തിന്റെയും കാലത്ത് ഐക്യം കെട്ടിപ്പടുക്കാനുള്ള അവസരമാണെന്നും പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി. പഹൽഗാമിൽ നടത്തിയ സന്ദർശനത്തിനിടെ പ്രാദേശിക ആതിഥ്യ മേഖലയിലെ പങ്കാളികളുമായി സംവദിക്കുകയായിരുന്നു കശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായ മെഹബൂബ മുഫ്തി.
ഇന്ത്യയിലുടനീളം ഉടലെടുക്കുന്ന വിദ്വേഷവും വെറുപ്പും ഇല്ലാതാക്കാൻ നമുക്ക് ലഭിക്കുന്ന മികച്ച അവസരമാണ് അമർനാഥ് യാത്ര. ഓരോ അമർനാഥ് തീർഥാടകനും കശ്മീരിന്റെ അതിഥിയാണ്. യാത്രക്ക് സുരക്ഷയൊരുക്കൽ നമ്മുടെ കടമയാണെന്നും അത് സുരക്ഷാ ഉദ്യോഗസ്ഥരുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും മെഹബൂബ പറഞ്ഞു.
ഓരോ ഇടപെടലും കശ്മീരിന്റെ ആതിഥ്യമര്യാദ, കാരുണ്യം, സഹവർത്തിത്വം എന്നിവയുടെ പാരമ്പര്യം പ്രദർശിപ്പിക്കാനുള്ള അവസരമാണ്. കശ്മീരിനും മുസ്ലിംകൾക്കുമെതിരായ തെറ്റായ വിവരങ്ങളും മുൻവിധികളും തിരുത്താൻ കഴിയുന്നത് യഥാർഥ ഇടപെടലിലൂടെയും ഓരോ തീർഥാടകനെയും ഹൃദയപൂർവം വരവേറ്റുമാണെന്നും അവർ പറഞ്ഞു.
ദക്ഷിണ കശ്മീരിലെ ഹിമാലയത്തിലെ 3,880 മീറ്റർ ഉയരമുള്ള ഗുഹാക്ഷേത്രത്തിലേക്കുള്ള തീർഥാടനം ജൂലൈ മൂന്നിന് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

