കഠിനം, ജനാധിപത്യ വിരുദ്ധം; ജമ്മുകശ്മീരിൽ മെഹബൂബ മുഫ്തിയടക്കമുള്ള നേതാക്കൾ വീട്ടുതടങ്കലിലെന്ന് പരാതി
text_fieldsമെഹബൂബ മുഫ്തി
ശ്രീനഗർ: ജമ്മുകശ്മീരിൽ മുൻ മുഖ്യമന്ത്രിയും പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി(പി.ഡി.പി)നേതാവ് മെഹബൂബ മുഫ്തിയടക്കമുള്ള രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ അടച്ചതായി പരാതി.
മെഹബൂബ മുഫ്തി തന്നെയാണ് ഇക്കാര്യം എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. പ്രഫ. അബ്ദുൽ ഗനി ഭട്ടിന്റെ മരണത്തിൽ അനുശോചനമറിയിക്കാനായി സോപാർ സന്ദർശിക്കാനിരിക്കെയാണ് നടപടിയെന്നും അവർ എക്സ് പോസ്റ്റിൽ പറയുന്നു.
കശ്മീരിലെ കഠിനവും ജനാധിപത്യ വിരുദ്ധവുമായ യാഥാർഥ്യമാണ് ഇത് തുറന്നു കാട്ടുന്നതെന്ന് മെഹ്ബൂബ എക്സിൽ കുറിച്ചു.
ഹസ്റത്ബാൽ ദർഗയിൽ പെട്ടെന്നുണ്ടായ ജനരോഷം ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇത്തരം സത്യങ്ങളെ ബി.ജെ.പി മനപൂർവം അവഗണിക്കാൻ ശ്രമിക്കുകയാണെന്നും മുഫ്തി പറഞ്ഞു. കശ്മീരിൽ സമാധാനം കൊണ്ടുവരാൻ ബി.ജെ.പിക്ക് യാതൊരു താൽപര്യവുമില്ലെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെ രാഷ്ട്രീയ നേട്ടത്തിനായി കശ്മീരിനെ ഉപയോഗിക്കുകയാണ്. ഇത്തരം ദോഷകരമായ സമീപനം നിരുത്തരവാദപരവും അപകടവും അപലപനീയവുമാണെന്നും മെഹബൂബ കുറ്റപ്പെടുത്തി.
മെഹബൂബ മുഫ്തിയെ കൂടാതെ പീപ്ൾസ് കോൺഫറൻസ് നേതാവും ഹന്ത്വാര എം.എൽ.എയുമായ സജ്ജാത് ലോണും ഹുറിയത്ത് നേതാവ് മിർവായീസ് ഉമർ ഫാറൂഖും തങ്ങൾ വീട്ടുതടങ്കലിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സോപാറിലേക്ക് പോകുന്നത് തടയാനാണ് ഈ നടപടിയെന്നും അവർ ആരോപിച്ചു. ദീർഘനാളത്തെ അസുഖത്തിന് ശേഷമാണ് സോപാറിലെ വസതിയിൽ വെച്ച് അബ്ദുൽ ഗനി ഭട്ടിന്റെ മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

