ഹണിമൂണിനിടെ ഭർത്താവിനെ കൊന്ന യുവതിയെ തള്ളി കുടുംബം; ‘ഇനി ഒരു ബന്ധവുമില്ല, കുറ്റക്കാരിയെങ്കിൽ തൂക്കിലേറ്റണം’
text_fieldsഭോപാൽ: കാമുകനൊപ്പം ജീവിക്കാനായി ഹണിമൂണിനിടെ ഭർത്താവിനെ ക്വട്ടേഷൻ സംഘത്തെ കൊണ്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി സോനം രഘുവംശിയെ തള്ളിപ്പറഞ്ഞ് കുടുംബം. സോനവുമായി ഇനി മുതൽ ഒരു ബന്ധവുമില്ലെന്നും കുറ്റക്കാരിയെങ്കിൽ തൂക്കിക്കൊല്ലട്ടെ എന്നും കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രസ് മീറ്റിൽ സോനത്തിന്‍റെ സഹോദരൻ ഗോവിന്ദാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സഹോദരി കൊന്ന രാജ രഘുവംശിയുടെ വീട്ടിലെത്തിയ ഗോവിന്ദ്, രാജയുടെ അമ്മയെ ആശ്വസിപ്പിച്ചു. ഇതിന്‍റെ വീഡിയോ പുറത്തുവന്നു. ഇരുവരും പൊട്ടിക്കരയുന്നത് ദൃശ്യങ്ങളിലുണ്ട്.
ഇപ്പോൾ പുറത്തുവരുന്ന തെളിവുകൾ പ്രകാരം ഇത് ചെയ്തത് സോനമാണെന്ന് ഉറപ്പാണ്. രാജയുടെ കുടുംബത്തോട് ഞാൻ ക്ഷമാപണം നടത്തി. സോനവുമായുള്ള എല്ലാ ബന്ധങ്ങളും എന്റെ കുടുംബം വിച്ഛേദിച്ചു. എനിക്ക് രാജയെ ഇഷ്ടമായിരുന്നു. സോനം കുറ്റക്കാരിയാണെങ്കിൽ അവളെ തൂക്കിലേറ്റണം -സഹോദരൻ ഗോവിന്ദ് പറഞ്ഞു.
25കാരിയായ സോനം രഘുവംശിയും 29കാരനായ ഭർത്താവ് രാജ രഘുവംശിയും വിവാഹിതരായി 12 ദിവസത്തിനുശേഷം ഹണിമൂണിനായി മേഘാലയയിൽ എത്തുകയായിരുന്നു. 23നായിരുന്നു ദമ്പതികൾ മേഘാലയയിൽ എത്തിയത്. തന്‍റെ വീട്ടുകാരുടെ ബിസിനസിലെ തൊഴിലാളിയായ 21കാരൻ രാജ് കുശ്വാഹയുമായി പ്രണയത്തിലായിരുന്നു സോനം. 21കാരനും ഇയാളുടെ മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് രാജയെ കൊലപ്പെടുത്തിയത്. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ജൂൺ രണ്ടിന് ഈസ്റ്റ് ഖാസി ഹിൽസിലെ മലനിരകളിൽ നിന്നാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

