മേഘാലയയിൽ സഖ്യസർക്കാർ, നാഗാലാൻഡിൽ കാത്തിരിപ്പ്
text_fieldsന്യൂഡൽഹി: നാഗാലാൻഡിൽ സർക്കാർ രൂപവത്കരണത്തിനായി എം.എൽ.എമാരുടെ പിന്തുണ തെളിയിക്കാൻ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടിക്കും (എൻ.ഡി.പി.പി), നാഷനൽ പീപ്ൾസ് ഫ്രണ്ടിനും (എൻ.പി.എഫ്) ഗവർണർ പി.ബി. ആചാര്യ 48 മണിക്കൂർ സമയം അനുവദിച്ചു. നേരേത്ത, 32 എം.എൽ.എമാരുടെ പിന്തുണ അവകാശപ്പെടുന്ന എൻ.ഡി.പി.പി നേതാവ് നെയ്ഫ്യു റിയോക്ക് ഭൂരിപക്ഷമുണ്ടെന്നും അദ്ദേഹത്തിന് സർക്കാറുണ്ടാക്കാമെന്നും പറഞ്ഞ ഗവർണർ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. നിലവിൽ മുഖ്യമന്ത്രിയായ ടി.ആർ. സെലിയാങ് എൻ.പി.എഫിനാണ് സർക്കാറുണ്ടാക്കാൻ അവകാശമുള്ളതെന്ന് ഗവർണറെ അറിയിച്ചതിനു പിന്നാലെയാണ് അദ്ദേഹം പുതിയ നിലപാട് അറിയിച്ചത്. ഭരണഘടന തലവൻ എന്ന നിലയിൽ, ഭൂരിപക്ഷമുള്ളയാളെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കുകയാണ് തെൻറ ദൗത്യമെന്നും ആര് 30ന് മുകളിൽ പേരുടെ പിന്തുണയുമായി വരുന്നോ അത് സ്വീകരിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
എൻ.പി.എഫുമായുള്ള ഒന്നര പതിറ്റാണ്ടിെൻറ സഖ്യം വിട്ടാണ് ബി.ജെ.പി എൻ.ഡി.പി.പിയുമായി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഖ്യമുണ്ടാക്കിയത്. 60 അംഗ നിയമസഭയിൽ തനിക്ക് 32 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് റിയോ ഗവർണറോട് പറഞ്ഞു.
എൻ.ഡി.പി.പി 17, ബി.ജെ.പി 12 എന്നിങ്ങനെയാണ് സീറ്റുനില. ജെ.ഡി-യുവിെൻറ ഒരേയൊരു എം.എൽ.എയുടെ പിന്തുണയും ഒരു സ്വതന്ത്രെൻറ പിന്തുണയും ബി.ജെ.പി സഖ്യത്തിനാണ്. 31 ആണ് ഭൂരിപക്ഷത്തിനുവേണ്ട സീറ്റുനില. എൻ.പി.എഫ് സഖ്യത്തിന് 29 സീറ്റാണ് ലഭിച്ചത്. മുഖ്യമന്ത്രിയും എൻ.പി.എഫ് അധ്യക്ഷനുമായ ടി.ആർ. സെലിയാങ് താൻ രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ചത് പ്രതിസന്ധിക്ക് കാരണമായി. മേഘാലയയിൽ നാഷനൽ പീപ്ൾസ് പാർട്ടി നേതാവ് കോൺറാഡ് സാങ്മ ചൊവ്വാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
സംസ്ഥാനത്ത് കേവലം രണ്ട് സീറ്റ് നേടിയ ബി.ജെ.പിയുടെയും മറ്റ് സഖ്യ കക്ഷികളുടെയും പിന്തുണയോടെയാണ് സാങ്മ അധികാരത്തിലേറുന്നത്. ഉപമുഖ്യമന്ത്രി ഉണ്ടാകില്ല. അതേസമയം, 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസ് അധികാരത്തിൽനിന്ന് പുറത്തായി.
34 അംഗങ്ങളുടെ പിന്തുണയാണ് എൻ.പി.പി സഖ്യം അവകാശപ്പെടുന്നത്. യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയുടെ (യു.ഡി.പി) ആറ്, പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ നാല് അംഗങ്ങളും കൂടാതെ ബി.ജെ.പി, ഹിൽ സ്റ്റേറ്റ് പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി എന്നിവയുടെ രണ്ടു വീതം എം.എൽ.എമാരും ഒരു സ്വതന്ത്രനും എൻ.പി.പി സഖ്യത്തിലുണ്ട്.
മുൻ ലോക്സഭ സ്പീക്കർ പി.എ. സാങ്മയുടെ മകനാണ് കോൺറാഡ് സാങ്മ. ഇപ്പോൾ തുറ ലോക്സഭ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. 28ാം വയസ്സിൽ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ ധനമന്ത്രിയാവുകയും ചെയ്തിട്ടുണ്ട് സാങ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
