മേഘാലയ: കോൺറാഡ് സാങ്മ ഇന്ന് അധികാരമേൽക്കും
text_fieldsഷില്ലോങ്: നാഷനലിസ്റ്റ് പീപ്ൾസ് പാർട്ടി (എൻ.പി.പി) നേതാവ് കോൺറാഡ് കെ. സാങ്മ ചൊവ്വാഴ്ച മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ച രാവിലെ ഗവർണർ ഗംഗപ്രസാദിനെ സന്ദർശിച്ച സാങ്മ 34 അംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ഗവർണർ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിച്ചത്. നിയുക്ത എം.എൽ.എമാരും പുതിയ മന്ത്രിമാരും ചൊവ്വാഴ്ചതന്നെ സ്ഥാനമേൽക്കുമെന്ന് സാങ്മ പറഞ്ഞു. 60 അംഗ സഭയിൽ 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണത്തിലുണ്ടായിരുന്ന കോൺഗ്രസിന് ഇവിടെ സർക്കാർ രൂപവത്കരിക്കാൻ കഴിഞ്ഞില്ല.
19 സീറ്റ് നേടിയ എൻ.പി.പി രണ്ട് സീറ്റുള്ള ബി.ജെ.പിയുടെയും മറ്റു സഖ്യകക്ഷികളുടെയും പിന്തുണയോടെയാണ് അധികാരത്തിലേറുന്നത്. യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി- ആറ്, പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി-നാല്, ഹിൽ സ്റ്റേറ്റ് പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി-2, ഒരു സ്വതന്ത്രൻ എന്നിവരും എൻ.പി.പി സഖ്യത്തിലുണ്ട്.
മുൻ ലോക്സഭ സ്പീക്കർ പി.എ. സാങ്മയുടെ മകനായ 40കാരനായ കോൺറാഡ് സാങ്മ തുറ ലോക്സഭ മണ്ഡലം എം.പിയാണ്. 28ാം വയസ്സിൽ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ ധനമന്ത്രിയാവുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം.
