മമതയുടെ വസതിയിൽ കൂടിക്കാഴ്ച; എത്തിയത് 14 ജനപ്രതിനിധികൾ
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ വിഴുങ്ങിയ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. പാർട്ടി അധ്യക്ഷ മമത ബാനർജി കാളിഘട്ടിലെ തന്റെ വസതിയിൽ വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ നിന്ന് ഭൂരിഭാഗം ജനപ്രതിനിധികളും വിട്ടുനിന്നത് വൻ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. പാർലമെന്റിലും നിയമസഭയിലുമായി വലിയ അംഗബലമുള്ള പാർട്ടിയിൽ നിന്ന് വെറും 8 എം.എൽ.എമാരും 6 എം.പിമാരും മാത്രമാണ് മമതയുടെ വസതിയിലെത്തിയത്.
ആകെ 29 ലോക്‌സഭാ എം.പിമാരും 13 രാജ്യസഭാ എം.പിമാരും 80 എം.എൽ.എമാരും ടി.എം.സിക്കുള്ളപ്പോഴാണ് ഈ തിരിച്ചടി. മദൻ മിത്ര, ഫിർഹാദ് ഹക്കിം, സ്പീക്കർ ബിമൻ ബാനർജി തുടങ്ങിയ പ്രമുഖ എം.എൽ.എമാരും അഭിഷേക് ബാനർജി, ഡെറക് ഒബ്രിയാൻ, കല്യാൺ ബാനർജി തുടങ്ങിയ എം.പിമാരും മാത്രമാണ് യോഗത്തിനെത്തിയത്. ഇതോടെ മമതയ്‌ക്കെതിരെയുള്ള കലാപം പൂർണ്ണമാണെന്ന സൂചനകൾ ശക്തമായി. എന്നാൽ, ഇത് ജനപ്രതിനിധികളുടെ മുഴുവൻ യോഗമായിരുന്നില്ലെന്നും ദേശീയ വർക്കിംഗ് കമ്മിറ്റി യോഗമായിരുന്നെന്നുമാണ് പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം. മഹുവ മൊയ്ത്ര അടക്കമുള്ള പല നേതാക്കളും ഓൺലൈനായി യോഗത്തിൽ പങ്കെടുത്തതായും ടി.എം.സി അവകാശപ്പെട്ടു.
294 അംഗ ബംഗാൾ നിയമസഭയിൽ പാർട്ടി ഇതിനകം തന്നെ പിളർപ്പിന്റെ വക്കിലാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്താക്കപ്പെട്ട ഋതബ്രത ബാനർജിക്ക് 57 ടി.എം.സി എം.എൽ.എമാരുടെ പരസ്യ പിന്തുണയുണ്ട്. സ്പീക്കറുടെ പ്രത്യേക അനുമതിയോടെ ഋതബ്രതയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതും മമതയ്ക്ക് കനത്ത ആഘാതമായി. നിയമസഭയ്ക്ക് പിന്നാലെ പാർലമെന്റിലും സമാനമായ രീതിയിൽ എം.പിമാർ പാർട്ടി വിടാനോ ബി.ജെ.പിയിലേക്ക് ചേക്കേറാനോ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭബാനിപൂർ മണ്ഡലത്തിൽ നിലവിലെ മുഖ്യമന്ത്രി സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമത ബാനർജി, ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുന്നതായാണ് സൂചന. ഡൽഹിയിൽ പാർട്ടിക്കുള്ളിലെ കലാപം അടിച്ചമർത്താൻ മമത ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. ഇതിനായി ക്രിക്കറ്റ് താരം കൂടിയായ ബഹറാംപൂർ എം.പി യൂസഫ് പത്താനോട് സീറ്റ് ഒഴിയാൻ പാർട്ടി ആവശ്യപ്പെട്ടേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

