മീറത്ത് മുസ്ലിം കൂട്ടക്കൊല: 40 പ്രതികളെയും വെറുതെ വിട്ടു
text_fields1987ൽ ഉത്തർപ്രദേശ് മീറത്തിലെ മലിയാനയിൽ നടന്ന കലാപത്തിൽ രക്ഷപ്പെട്ടവർ (ഫയൽ ചിത്രം)
മീറത്ത്: ഉത്തർപ്രദേശ് മീറത്തിലെ മലിയാനയിൽ 72 മുസ്ലിംകൾ കൊലചെയ്യപ്പെട്ട കലാപത്തിലെ 40 പ്രതികളെ വെറുതെവിട്ട് വിചാരണ കോടതി. കൊലപാതകം, തീവെപ്പ്, കലാപം എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട പ്രതികൾക്കെതിരെ മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, 36 വർഷം പഴക്കമുള്ള കേസ് വെറുതെവിട്ട് മീറത്ത് അഡീഷനൽ സെഷൻസ് ജഡ്ജി ലഖ്വിന്ദർ സൂദ് ഉത്തരവിട്ടത്.
1987 മേയ് 23നാണ് മലിയാനയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ബാബരി മസ്ജിദ്-ക്ഷേത്ര വിഷയത്തിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് സമീപ പ്രദേശമായ ഹാഷിംപുരയിൽ തലേദിവസം 43 പേർ കൊല്ലപ്പെട്ട കലാപത്തിന്റെ തുടർച്ചയായാണ് മലിയാനിൽ കൂട്ടക്കൊലയുണ്ടായത്. വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ പോകുമെന്ന് ഇരകളുടെ കുടുംബാംഗങ്ങൾ അറിയിച്ചു.
93 പേരെ പ്രതിചേർത്ത് മേയ് 24ന് പ്രദേശവാസിയായ യാക്കൂബ് അലി എന്നയാൾ നൽകിയ പരാതിയിലായിരുന്നു അന്വേഷണം. മലിയാന ഹോളി ചൗക്കിലാണ് കൂട്ടക്കൊല നടന്നത്. പ്രതികൾ ആളുകൾക്കുനേരെ വെടിയുതിർക്കുകയും തീവെപ്പു നടത്തുകയും ചെയ്യുകയായിരുന്നു. കേസിൽ യാക്കൂബ് അലി അടക്കം 10 സാക്ഷികൾ മൊഴിനൽകിയിരുന്നു. എന്നാൽ, മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് വിജയിക്കാനായില്ലെന്ന് അഡീഷനൽ ജില്ല സർക്കാർ അഭിഭാഷകൻ സച്ചിൻ മോഹൻ പറഞ്ഞു. തെളിവുകൾ പരിശോധിച്ച കോടതി, സംശയത്തിന്റെ ആനുകൂല്യം നൽകി 40 പ്രതികളെ വെറുതെ വിടുകയായിരുന്നു.
40 പേർ വിചാരണക്കിടെ മരണപ്പെട്ടിരുന്നു. ബാക്കിയുള്ളവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കലാപത്തിൽ തന്റെ പിതാവ് അഷ്റഫ് വെടിയേറ്റാണ് മരിച്ചതെന്ന് ഇരയുടെ കുടുംബാംഗമായ മഹ്താബ് തിങ്കളാഴ്ച മാധ്യമങ്ങളോടു പറഞ്ഞു.
‘‘അന്ന് ഞാൻ ചെറുപ്പമായിരുന്നു. എന്താണ് കാരണമെന്നുപോലും അറിയാതെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇത് നീതിയുക്തമായ വിധിയല്ല. മറ്റ് ഇരകളുടെ കുടുംബങ്ങളുമായി ചർച്ച നടത്തി ഉടൻതന്നെ ഹൈകോടതിയിൽ അപ്പീൽ നൽകും ’’ -മഹ്താബ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

