Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊതു ഇംപീച്ച്‌മെന്റിനിടെ മീരാ കുമാർ ഇരുന്നത് ചരിത്രപ്രസിദ്ധമായ കസേരയിൽ

text_fields
bookmark_border
പൊതു ഇംപീച്ച്‌മെന്റിനിടെ മീരാ കുമാർ ഇരുന്നത് ചരിത്രപ്രസിദ്ധമായ കസേരയിൽ
cancel

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇൻഡ്യ മുന്നണി നടത്തിയ പ്രതീകാത്മക ‘പൊതു ഇംപീച്ച്‌മെന്റിനിടെ’ മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ ഇരുന്ന കസേരക്ക് പിന്നിൽ ചരിത്രപരമായ വലിയൊരു പാരമ്പര്യമുണ്ടെന്ന് കോൺഗ്രസ് മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപ്പാർട്ട്‌മെന്റ് ഹെഡ് പവൻ ഖേര. ഈ കസേര ഒരുകാലത്ത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉപയോഗിച്ചിരുന്നതാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

പരിപാടി സംഘടിപ്പിക്കുന്നതിൽ പങ്കാളിയായ പവൻ ഖേരയാണ് ഈ വിവരം പുറത്തുവിട്ടത്. പ്രധാനമന്ത്രിയെന്ന നിലയിലുള്ള തന്റെ ഔദ്യോഗിക കാലയളവിലുടനീളം നെഹ്‌റു ഉപയോഗിച്ചിരുന്നതാണ് ഈ കസേരയെന്നും, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ചില തീരുമാനങ്ങൾക്ക് ഈ കസേര സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇംപീച്ച്‌മെന്റ് നടപടികൾക്കിടയിൽ മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ ഇരുന്ന കസേര, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മുത്തച്ഛന്റെ മുത്തച്ഛനുമായ ജവഹർലാൽ നെഹ്‌റു ഒരിക്കൽ ഉപയോഗിച്ചിരുന്നതാണ്. പ്രധാനമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലയളവിലുടനീളം അത് നെഹ്‌റുജിയുടെ കസേരയായിരുന്നു. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ചില തീരുമാനങ്ങൾക്ക് അത് സാക്ഷ്യം വഹിച്ചിട്ടുണ്ട്’.

നെഹ്‌റുവിന്റെ ആത്മാവിനെ ആവാഹിച്ചുകൊണ്ട്, മീരാ കുമാർ ആ കസേരയിലിരുന്ന് ഗ്യാനേഷ് കുമാർ ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമീഷണർ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് വിധിയെഴുതിയതായി ഖേര കൂട്ടിച്ചേർത്തു. ഗ്യാനേഷ് കുമാറിനെ ഇന്ത്യൻ ജനത തള്ളിക്കളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അധികം വൈകാതെ പുറത്തുപോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടുകൾ വെട്ടിമാറ്റി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇൻഡ്യ മുന്നണി ശനിയാഴ്ച പ്രതീകാത്മകമായ പൊതു ഇംപീച്ച്‌മെന്റ് നടത്തി. രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ വിചാരണ ചെയ്യണമെന്നും ജയിലിലടക്കണമെന്നും സഖ്യം ആവശ്യപ്പെട്ടു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക വിലാസമായ രാജാജി മാർഗിലെ 10ാം നമ്പർ വസതിയിലെ പുൽത്തകിടിയിൽ പാർലമെന്റ് നടപടികൾക്ക് സമാനമായ രീതിയിലായിരുന്നു ഈ അപൂർവ്വ ചടങ്ങ് നടന്നത്. മീരാ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രതിപക്ഷ എം.പിമാരും നേതാക്കളും സിവിൽ സൊസൈറ്റി അംഗങ്ങളും ചേർന്ന് ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും താൽപര്യപ്രകാരമാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കുന്നതെന്നും, ഇതിലൂടെ പൗരന്മാരുടെ വോട്ടവകാശം ഭീഷണിയിലാണെന്നും പ്രമേയം അവതരിപ്പിച്ച മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ഇന്ത്യൻ ജനതയുടെ വോട്ടുകൾ നശിപ്പിക്കാൻ കൂട്ടുനിന്നവർക്കെതിരെയുള്ള ‘രാഷ്ട്രീയ ആയുധമാണ്’ സിഇസി ഗ്യാനേഷ് കുമാറിനെതിരെയുള്ള ഈ പൊതു ഇംപീച്ച്‌മെന്റെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Meera Kumar's chair during CEC impeachment was Nehru's: Congress
Next Story