വെടിനിർത്തൽ ചർച്ചകളിലെ യു.എസ് പങ്കിനെക്കുറിച്ച് മൗനം പാലിച്ച് ഇന്ത്യയും പാകിസ്താനും; യു.എസ് ഇടപെടൽ നടന്നോ?
text_fieldsന്യൂഡൽഹി: പാകിസ്താന്റെ പ്രകോപനകരമായ ആക്രമണത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് പരസ്പരം വെടിനിർത്തലിന് ഇന്ത്യയും പാകിസ്താനും നാടകീയമായി സമ്മതിച്ചത്. ഇരുപക്ഷത്തെയും ഇതിന് പ്രേരിപ്പിക്കുന്നതിലെ വഴിത്തിരിവിന്റെ ആദ്യ പ്രഖ്യാപനം യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിൽ നിന്നാണ് വന്നത്.
അമേരിക്കയുടെ മധ്യസ്ഥതയിൽ ഒരു രാത്രി മുഴുവൻ നീണ്ടുനിന്ന ചർച്ചകൾക്കുശേഷം ഇന്ത്യയും പാകിസ്താനും പൂർണവും ഉടനടിയുള്ളതുമായ ഒരു കരാറിന് സമ്മതിച്ചതായി പ്രഖ്യാപിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന ട്രംപ് ‘ട്രൂത്ത് സോഷ്യലി’ൽ പങ്കുവെക്കുകയായിരുന്നു.
എന്നാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിൽ യു.എസ് കൈകടത്തിയതിനെക്കുറിച്ച് ഇന്ത്യയോ പാകിസ്താനോ ഒരു പരാമർശവും നടത്തിയിട്ടില്ല. വെടിവെപ്പും സൈനിക നടപടിയും നിർത്തുന്നതിന് ഇരു രാജ്യങ്ങളും നേരിട്ട് തീരുമാനിച്ചതാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. കരാറിന് മുന്നോടിയായി പാകിസ്താൻ സൈന്യത്തിന്റെ ഡയറക്ടർ ജനറൽ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള പ്രതിനിധിയെ വിളിച്ചിരുന്നുവെന്നും ഇന്ത്യൻ വൃത്തങ്ങൾ പുറത്തുവിട്ടു.
ശ്രദ്ധിക്കേണ്ട വസ്തുത, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ‘എക്സി’ലെ പോസ്റ്റിലോ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ മാധ്യമ സമ്മേളനത്തിലോ ഇന്ത്യ ‘വെടിനിർത്തൽ’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. പകരം ഇന്ത്യയും പാകിസ്താനും ഇന്ന് വെടിവെപ്പും സൈനിക നടപടിയും നിർത്തലാക്കുന്നതിനെക്കുറിച്ച് ഒരു ധാരണയിൽ എത്തിയിട്ടുണ്ടെന്നും എല്ലാ നീക്കങ്ങളിലും പ്രകടനങ്ങളിലും തീവ്രവാദത്തിനെതിരെ ഇന്ത്യ സ്ഥിരമായി ഉറച്ചതും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് നിലനിർത്തിയിട്ടുണ്ടെന്നും അത് അങ്ങനെ തന്നെ തുടരുമെന്നുമായിരുന്നു ജയശങ്കറിന്റെ വാക്കുകൾ.
പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യ എടുത്ത എല്ലാ തീരുമാനങ്ങളും പ്രാബല്യത്തിൽ തുടരുന്നതിനാൽ സിന്ധു ജല ഉടമ്പടി റദ്ദാക്കിയത് തുടരുമെന്നും ഭാവിയിലെ ഏതൊരു ഭീകരാക്രമണത്തെയും ഇന്ത്യ ഒരു ‘യുദ്ധപ്രവൃത്തി’യായി കണക്കാക്കുമെന്നും നേരത്തെ വൃത്തങ്ങൾ അടിവരയിട്ടിരുന്നു.
പ്രതിരോധ മന്ത്രാലയവുമായുള്ള രണ്ടാമത്തെ സംയുക്ത പത്രസമ്മേളനത്തിൽ വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി പങ്കെടുത്തത് കരാറിന്റെ അവ്യക്തമായ വിശദാംശങ്ങൾ മാത്രം നൽകിയ ഒരു ഹ്രസ്വ പ്രസ്താവനയുമായാണ്. ‘ഇന്ന് രാവിലെ ഇന്ത്യൻ സമയം 15.35ന് പാകിസ്താൻ ഡി.ജി.എം.ഒ ഇന്ത്യൻ ഡി.ജി.എം.ഒയെ വിളിച്ചു. ഇരുപക്ഷവും കരയിലും വായുവിലും കടലിലുമുള്ള എല്ലാ വെടിവെപ്പുകളും സൈനിക നടപടികളും നിർത്തുമെന്ന് അവർക്കിടയിൽ ധാരണയായി എന്നായിരുന്നു മിസ്രിയുടെ വാക്കുകൾ. ധാരണ പ്രാബല്യത്തിൽ വരുത്തുന്നതിന് ഇരുപക്ഷത്തിനും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മെയ് 12ന് 12.00ന് ഡി.ജി.എം.ഒമാർ വീണ്ടും സംസാരിക്കും എന്നും മിസ്രി പറഞ്ഞു. എന്നാൽ, ഈ ചർച്ചകൾ എവിടെ നടക്കുമെന്ന് പരാമർശിക്കാതെയാണ് മിസ്രി മുറി വിട്ടത്.
വെടിനിർത്തൽ തീരുമാനത്തിൽ പാകിസ്താന്റെ പ്രതികരണത്തിലും യു.എസിന്റെ ഇടപെടലിനെക്കുറിച്ച് പരാമർശിക്കുന്നില്ല. പാകിസ്താനും ഇന്ത്യയും ഉടനടി പ്രാബല്യത്തിൽ വരുന്ന വെടിനിർത്തലിന് സമ്മതിച്ചുവെന്നും പാകിസ്താൻ എപ്പോഴും അതിന്റെ പരമാധികാരത്തിലും പ്രാദേശിക സമഗ്രതയിലും വിട്ടുവീഴ്ച ചെയ്യാതെ മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും വേണ്ടി പരിശ്രമിച്ചിട്ടുണ്ടെന്നും എന്നാണ് ‘എക്സി’ലെ പോസ്റ്റിൽ പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ പറഞ്ഞത്. പാകിസ്താന്റെ സൈനിക ഡയറക്ടർ ജനറൽ, കരാറിന്റെ ആദ്യപടി സ്വീകരിച്ചുവെന്നും മറ്റൊരു സ്ഥലത്തും മറ്റ് വിഷയങ്ങളിൽ ചർച്ച നടത്താൻ തീരുമാനമെടുത്തിട്ടില്ല എന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ, അമേരിക്കുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങൾ മറിച്ചാണ്. ‘യു.എസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയും പാകിസ്താനും ഒരു നിഷ്പക്ഷ വേദിയിൽ വിഷയങ്ങളിൽ വിശാലമായ ചർച്ചകൾ ആരംഭിക്കാൻ സമ്മതിച്ചതായി നേരത്തെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി റൂബിയോ ജയ്ശങ്കറുമായി രണ്ടുതവണയാണ് സംസാരിച്ചത്. അതുപോലെ തന്നെ പാകിസ്താന്റെ സിവിൽ അഡ്മിനിസ്ട്രേഷന്റെ പ്രതിനിധികളുമായും റൂബിയോ സംസാരിച്ചു.
വെള്ളിയാഴ്ച പാകിസ്താൻ സൈനിക മേധാവി അസിം മുനീറുമായി നേരിട്ട് ഇടപഴകാനും റൂബിയോ തയ്യാറായി. അതുവരെ അദ്ദേഹം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായായിരുന്നു ബന്ധപ്പെട്ടത്. വെടിനിർത്തലിന്റെ തൊട്ടു മുമ്പ് ശനിയാഴ്ച അദ്ദേഹം വിദേശകാര്യ മന്ത്രി ദറുമായും സംസാരിച്ചു. തീരുമാനങ്ങൾ എടുക്കുന്നത് ഇസ്‍ലാമാബാദല്ല എന്നും സൈനിക ആസ്ഥാനമായ റാവൽപിണ്ടിയിലാണ് എന്നും നന്നായി അറിയാമായിരുന്നതിനാൽ യു.എസ് ഭരണകൂടം തുടർച്ചയായി പാകിസ്താൻ സൈന്യവുമായി നേരിട്ട് ഇടപെടാനുള്ള പ്രവണത കാണിച്ചു.
മുനീറുമായുള്ള റൂബിയോയുടെ സംഭാഷണത്തെക്കുറിച്ചുള്ള യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അറിയിപ്പിൽ ‘ഇരു കക്ഷികളും സംഘർഷം ലഘൂകരിക്കാനുള്ള വഴികൾ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്നും ഭാവിയിലെ സംഘർഷങ്ങൾ ഒഴിവാക്കാൻ ക്രിയാത്മക ചർച്ചകൾ ആരംഭിക്കുന്നതിന് യു.എസ് സഹായം വാഗ്ദാനം ചെയ്തുവെന്നും’ റിപ്പോർട്ടുകൾ കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

