ന്യൂഡൽഹി: ഹാഥറസിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ മാധ്യമങ്ങൾ തെറ്റായ വാർത്തയിലൂടെയും മറ്റും മുന്നാക്ക സമുദായക്കാരെ മോശമായി ചിത്രീകരിക്കുന്നത് തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള സംഘടന സുപ്രീംകോടതിയിൽ.
ബലാത്സംഗ കൊലപാതക അന്വേഷണം സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യപ്പെട്ട് സത്യാമ ദുബെ നൽകിയ ഹരജിയിൽ കക്ഷിചേരാനാണ് കേരളത്തിൽനിന്നുള്ള മുന്നാക്ക സമുദായ സംരക്ഷണ സമിതി എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചത്.
മാധ്യമങ്ങള്‍ ജാതി വിശേഷിപ്പിച്ചാണ് കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഇത് ജാതിസ്പർധയുണ്ടാക്കുമെന്നും ഹരജിയില്‍ ആരോപിക്കുന്നു.
കുറ്റകൃത്യത്തിന് ജാതിയുടെ നിറം നൽകുന്നത് തടയാന്‍ നടപടിയില്ലാത്തതുമൂലം ഇത് ആവര്‍ത്തിക്കുകയാണ്. അതിനാല്‍, ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാര്‍ഗരേഖ വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.