ഡിജിറ്റൽ വ്യക്തിഗത ഡേറ്റ സംരക്ഷണ നിയമത്തിനെതിരെ മാധ്യമങ്ങൾ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ഡിജിറ്റൽ വ്യക്തിഗത ഡേറ്റ സംരക്ഷണ നിയമത്തിലെയും അനുബന്ധ ചട്ടങ്ങളിലെയും വ്യവസ്ഥകൾ ചോദ്യം ചെയ്ത് വാർത്താ മാധ്യമങ്ങൾ സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് നൽകിയത്.
ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹരജി പരിഗണിച്ച കോടതി നവംബർ 17-ന് ബന്ധപ്പെട്ട മറ്റ് കേസുകൾക്കൊപ്പം ഇതും പരിഗണിക്കാൻ തീരുമാനിച്ചു. അസോസിയേഷനുവേണ്ടി ഹാജരായ അഭിഭാഷക മാധവി ദിവാൻ, നിയമത്തിലെ വ്യവസ്ഥകൾ തത്സമയ ടെലിവിഷൻ റിപ്പോർട്ടിങ് ഉൾപ്പെടെയുള്ള സമയബന്ധിത വാർത്താ പ്രവർത്തനങ്ങൾക്ക് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്ന് കോടതിയെ അറിയിച്ചു. വിവരങ്ങൾ ഉപയോഗിക്കാൻ ബന്ധപ്പെട്ട വ്യക്തിയുടെ സമ്മതത്തെ ആശ്രയിക്കേണ്ടി വന്നാൽ വാർത്താ റിപ്പോർട്ടിങ് തന്നെ പ്രതിസന്ധിയിലാകുമെന്നും അവർ വാദിച്ചു. നിയമം നിലവിലെ രൂപത്തിൽ നടപ്പായാൽ ന്യൂസ് റൂമുകൾ അടച്ചുപൂട്ടേണ്ടിവരും.
പൗരന്മാരുടെ സ്വകാര്യതാവകാശവും മാധ്യമങ്ങളുടെ അറിയിക്കാനുള്ള അവകാശവും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പത്രപ്രവർത്തന പ്രവർത്തനങ്ങൾക്ക് പ്രത്യേക ഇളവ് നൽകാത്തത് വാർത്താ ശേഖരണം, അന്വേഷണാത്മക റിപ്പോർട്ടിങ്, വാർത്താ സ്രോതസ്സുകളുടെ രഹസ്യസ്വഭാവം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നാണ് അസോസിയേഷന്റെ വാദം. വ്യക്തികളുടെ സമ്മതം നിർബന്ധമാക്കുന്ന വ്യവസ്ഥകൾ ദൈനംദിന വാർത്താ ശേഖരണം ദുഷ്കരമാക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
വിവരാവകാശ നിയമത്തിലെ 8(1)(ജെ) വകുപ്പിൽ വരുത്തിയ ഭേദഗതിയും ഹരജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. വിവരങ്ങൾ ആവശ്യപ്പെടുന്നതിനുള്ള കേന്ദ്രസർക്കാറിന്റെ അധികാരങ്ങളും വാർത്താ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും പൊതുതാൽപര്യ വിഷയങ്ങളിലെ റിപ്പോർട്ടിങ്ങിനെയും ബാധിക്കുമെന്ന് ഹരജിയിൽ ആരോപിക്കുന്നു.

