ഖാർഗെയുടെ പ്രസംഗവേദി ‘ശുദ്ധികലശം’ അപലപിച്ച് മായാവതി; കർശന നടപടി ആവശ്യപ്പെട്ടു
text_fieldsമായാവതി, മല്ലികാർജുൻ ഖാർഗെ
ലഖ്നോ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദി ‘ശുദ്ധീകരിച്ച’ സംഭവത്തിൽ രൂക്ഷവിമർശനവുമായി ബി.എസ്.പി അധ്യക്ഷയും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മായാവതി. സംഭവത്തിൽ ഉത്തരവാദികളായ ജാതിവാദികൾക്കും ജന്മിത്ത മനോഭാവമുള്ളവർക്കുമെതിരെ സംസ്ഥാന സർക്കാർ കർശന നടപടിയെടുക്കണമെന്ന് അവർ സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു.
ആഗസ്റ്റ് എട്ടിന് ഉത്തരാഖണ്ഡിലെ രാംലീല മൈതാനത്താണ് വിവാദമായ ‘ശുദ്ധീകരണ’ കർമം നടന്നത്. പാർലമെന്റിലൂടെ ഖാർഗെ തന്നെയാണ് വിഷയം രാജ്യത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. സംഭവം അപലപനീയവും അതീവ ഗൗരവകരവുമാണെന്നും മായാവതി കുറിച്ചു.
ബി.ജെ.പിയുമായി ബന്ധമുള്ളവരാണ് ഈ ‘ശുദ്ധീകരണത്തിന്’ പിന്നിലെന്ന് രാജ്യസഭയിൽ ഖാർഗെ ആരോപിച്ചിരുന്നു. ഇവർക്കെതിരെ കേസെടുത്ത് ജയിലിൽ അടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
സാമ്പത്തികമായി അൽപം മുന്നേറുന്ന ദലിതരെ സംവരണ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് വാദിക്കുന്ന ആർ.എസ്.എസ് മേധാവിയും ഈ സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കാര്യങ്ങൾ ഗൗരവത്തോടെ കാണണമെന്ന് മായാവതി പറഞ്ഞു. മഹാരാഷ്ട്രയിലെ നാന്ദെഡിൽ ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ്ങിന് നേരെ വ്യാഴാഴ്ച ഉണ്ടായ ആക്രമണത്തെയും മായാവതി അപലപിച്ചു. ഇത് ഏറെ വിഷമിപ്പിക്കുന്നതും ഗൗരവമേറിയതുമായ കാര്യമാണെന്ന് അവർ വ്യക്തമാക്കി.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച രാജ്യസഭയിൽ വിഷയം ഉന്നയിച്ചുകൊണ്ടാണ് ഖാർഗെ തന്റെ പ്രതിഷേധം അറിയിച്ചത്. ഞങ്ങൾ എപ്പോഴും പറയുന്നത് ഈ രാജ്യത്ത് ദലിതർക്ക് ഇടമില്ലെന്നാണ്. മതത്തിന്റെ പേരിൽ അവർ എല്ലാവരെയും ഭിന്നിപ്പിക്കുകയാണ്. അവിടെ ശുദ്ധീകരണം നടത്തേണ്ട എന്ത് ആവശ്യമാണുണ്ടായിരുന്നത്?’ -ഖാർഗെ ചോദിച്ചു.
‘എന്റെ പ്രസംഗത്തിന് ശേഷം ബി.ജെ.പിക്കാർ അവിടെ ശുദ്ധീകരിച്ചു. ജാതിവ്യവസ്ഥയുടെ പേരിൽ ആളുകളെ ഭിന്നിപ്പിക്കുന്ന ഇത്തരം നടപടികൾ ജനാധിപത്യത്തിന് കളങ്കമാണ്. ഞാൻ ദലിതനാണ്, എന്നെ സംരക്ഷിക്കണം എന്ന് ആരോടും യാചിച്ചിട്ടില്ല. എനിക്ക് സ്വന്തമായി പൊരുതാനുള്ള കരുത്തുണ്ട്. എന്നാൽ, ഹൽദ്വാനിയിലെ ആ ആചാരം എനിക്ക് നൊമ്പരവും വലിയ അപമാനവുമാണ് ഉണ്ടാക്കിയത്. ഈ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമപ്രകാരം കേസെടുക്കണം.’ -ഖാർഗെ പറഞ്ഞു.
സംഭവത്തിൽ രാജ്യസഭയിൽ മറുപടി നൽകിയ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ, സംഭവം ദൗർഭാഗ്യകരമാണെന്നും ബി.ജെ.പി അംഗങ്ങൾക്ക് ഇതിൽ പങ്കില്ലെന്നും വ്യക്തമാക്കി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

