മറ്റൊരു അവസരം നൽകാം; ആകാശ് ആനന്ദിന്‍റെ ക്ഷമാപണം സ്വീകരിച്ച് മായാവതി
text_fieldsമായാവതി ആകാശ് ആനന്ദിനൊപ്പം
ന്യൂഡൽഹി: ആകാശ് ആനന്ദിന്‍റെ പരസ്യ ക്ഷമാപണം സ്വീകരിച്ച് ബി.എസ്.പി പ്രസിഡന്റ് മായാവതി. ബഹുജൻ സമാജ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട് ഒരു മാസത്തിലേറെയായ അനന്തരവൻ ആകാശ് ആനന്ദിന് 'മറ്റൊരു അവസരം' നൽകാൻ ബി.എസ്.പി നേതാവ് മായാവതി തീരുമാനിച്ചു. ആനന്ദ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് മാപ്പ് പറഞ്ഞു മണിക്കൂറുകൾക്ക് ശേഷമാണ് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയായ മായാവതി തീരുമാനം അറിയിച്ചത്.
'എക്‌സിലെ നാല് പോസ്റ്റുകളിലുടെ തന്റെ തെറ്റുകൾ പരസ്യമായി സമ്മതിക്കുകയും മുതിർന്ന അംഗങ്ങൾക്ക് പൂർണ ബഹുമാനം നൽകുകയും ഭാര്യാപിതാവിന്റെ വാക്കുകൾക്ക് വഴങ്ങാതിരിക്കുകയും ബി.എസ്.പി പാർട്ടിക്കും പ്രസ്ഥാനത്തിനും വേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്തതിനാലാണ് ആകാശ് ആനന്ദിന് വീണ്ടും അവസരം നൽകാൻ തീരുമാനിച്ചത്.' മായാവതി പറഞ്ഞു.
ഇനി മുതൽ എന്റെ രാഷ്ട്രീയ തീരുമാനങ്ങൾക്ക് ഒരു ബന്ധുവിന്റെയോ ഉപദേശകന്റെയോ ഉപദേശം സ്വീകരിക്കില്ലെന്ന് ഞാൻ ഉറപ്പാക്കും. മായാവതി നൽകുന്ന നിർദേശങ്ങൾ മാത്രമേ ഞാൻ പാലിക്കൂ. പാർട്ടിയിലെ എന്റെ മുതിർന്നവരെയും ഞാൻ ബഹുമാനിക്കുകയും അവരുടെ അനുഭവങ്ങളിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കുമെന്നും ആകാശ് തന്‍റെ പോസ്റ്റിൽ കുറിച്ചു.
മായാവതിയെ തന്റെ ഏക രാഷ്ട്രീയ ഗുരുവും ആദർശവുമായി കണക്കാക്കുന്നുവെന്നും ആകാശ് പറഞ്ഞു. തന്റെ തെറ്റുകൾക്ക് ക്ഷമ നൽകണമെന്നും പാർട്ടിയിൽ വീണ്ടും പ്രവർത്തിക്കാൻ ഒരവസരം നൽകണമെന്നും ആകാശ് മായാവതിയോട് അഭ്യർത്ഥിച്ചു. പാർട്ടിയുടെയും മായാവതിയുടെയും ആത്മാഭിമാനത്തിന് കോട്ടം വരുത്തുന്ന ഒരു തെറ്റും താൻ ചെയ്യില്ലെന്നും ആകാശ് ഉറപ്പുനൽകി.
ആനന്ദിനെ തന്റെ പിൻഗാമിയായി തീരുമാനിച്ചിട്ടില്ലെന്നും താൻ ഇപ്പോഴും ആരോഗ്യവതിയാണെന്നും മായാവതി വ്യക്തമാക്കി. മാർച്ച് മൂന്നിനാണ് ആനന്ദിനെ ബഹുജൻ സമാജ് പാർട്ടിയിൽ നിന്നും ദേശീയ കോർഡിനേറ്റർ സ്ഥാനത്ത് നിന്നും പുറത്താക്കിയിയത്.
എന്നാൽ ആകാശിന്റെ ഭാര്യാപിതാവ് അശോക് സിദ്ധാർത്ഥിന്റെ തെറ്റുകൾ പൊറുക്കാനാവാത്തതാണ്. വിഭാഗീയത പോലുള്ള കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിലൂടെ ആകാശിന്റെ കരിയർ നശിപ്പിക്കുന്നതിനായി അശോക് ശ്രമിച്ചു, അതിനാൽ സിദ്ധാർത്ഥിനെ യാതൊരു കാരണവശാലും തിരിച്ചിടുക്കില്ലെന്നും മായാവതി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.