ഭീകരശക്തികൾ നേടുന്നത് താൽക്കാലിക നേട്ടം മാത്രമാണെന്ന് നരേന്ദ്ര മോദി
text_fieldsന്യൂഡൽഹി: ഭീകര ശക്തികൾ നേടുന്നത് താൽക്കാലികമായ നേട്ടം മാത്രമാണെന്ന് പ്രധാന മന്ത്രിനരേന്ദ്ര മോദി.ഭീകരതയിലൂടെ സാമ്രാജ്യങ്ങൾ സൃഷ്ടിക്കുക എന്ന പ്രത്യയശാസ്ത്രം പിന്തുടരുന്ന ആളുകൾക്ക് കുറച്ചുകാലമെ ആധിപത്യം പുലർത്താനാകു.
മനുഷ്യത്വത്തെ എല്ലാ കാലവും അടിച്ചമർത്താൻ ഇവർക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചടക്കിയ പശ്ചാത്തലത്തിലാണ് പരാമർശം. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിങ് വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അെത സമയം അഫ്ഗാനിസ്താനിലെ ഇന്ത്യൻ കോൺസുലേറ്റുകളിൽ താലിബാൻ പരിശോധന നടത്തിയ വാർത്ത രാവിലെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാൻ നിർത്തിവെച്ചിരുന്നു. ഈ പശ്ചാത്തലം കൂടി മോദിയുടെ പ്രസ്താവനക്ക് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.
കാണ്ഡഹാറിലെയും ഹെറാത്തിലെയും കോൺസുലേറ്റുകളിലാണ് താലിബാൻ പരിശോധന നടത്തിയത്. ഓഫീസിലെ വിവിധ രേഖകൾ പരിശോധിക്കുകയും കോൺസുലേറ്റിലെ വാഹനങ്ങൾ കടത്തിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് കോൺസുലേറ്റുകളിൽ താലിബാൻ പരിശോധന നടത്തിയതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ കാബൂളിലെ ഇന്ത്യൻ എംബസി ഒഴിപ്പിച്ചിരുന്നു. അംബാസഡറും നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവർത്തകരും അടക്കം 180 പേരെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യ ഡൽഹിയിലെത്തിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച കാബൂളിൽ നിന്ന് 46 ഉദ്യോഗസ്ഥരെയും മറ്റ് ചില ഉപകരണങ്ങളും വ്യോമസേനാ വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

