രാമക്ഷേത്ര മധ്യസ്ഥത്തിൽനിന്ന് സൽമാൻ നദ്വി പിന്മാറി
text_fieldsന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രത്തിനായി മധ്യസ്ഥതക്കിറങ്ങിയ ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തുകയും ബാബരി മസ്ജിദ് തർക്കത്തിൽ വിവാദ നിലപാടെടുക്കുകയും ചെയ്ത മൗലാന സൽമാൻ നദ്വി തീരുമാനം മാറ്റി. രാമക്ഷേത്ര ചർച്ചയിൽനിന്ന് താൻ സ്വയം പിന്മാറുകയാണെന്നും സുപ്രീംകോടതി വിധിവരെ കാത്തിരിക്കുമെന്നും ഹദീസ് പണ്ഡിതൻ കൂടിയായ മൗലാന സൽമാൻ നദ്വി വ്യക്തമാക്കി.
സംഘ് പരിവാറിന് വേണ്ടി മാധ്യസ്ഥ്യ നീക്കം നടത്തുന്ന ശ്രീ ശ്രീ രവിശങ്കറുമായി ചർച്ച നടത്തി പള്ളിയുടെ ഭൂമി ക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുക്കണമെന്ന് മൗലാന സൽമാൻ നദ്വി പരസ്യമായി ആവശ്യപ്പെട്ടത് വിവാദമായിരുന്നു. സാമുദായിക വിഷയങ്ങളിൽ അതിവൈകാരിക നിലപാടെടുത്തിരുന്ന സൽമാൻ നദ്വിയുടെ മലക്കം മറിച്ചിൽ മുസ്ലിം വ്യക്തിനിയമ ബോർഡിനെ അമ്പരപ്പിച്ചു. തുടർന്ന് നാലംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ച വ്യക്തിനിയമ ബോർഡ്, അവർ സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സൽമാൻ നദ്വിയെ ബോർഡിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് സൽമാൻ നദ്വിയെ കണ്ട് ബാബരി മസ്ജിദ് ഭൂമി രാമേക്ഷത്രത്തിനായി വിട്ടു നൽകുന്നത് സംബന്ധിച്ച ചർച്ച നടത്തിയപ്പോൾ അദ്ദേഹം പകരം പള്ളിയുണ്ടാക്കാൻ 200 ഏക്കർ സ്ഥലവും 1000 കോടി രൂപയും രാജ്യസഭ അംഗത്വവും ആവശ്യപ്പെട്ടിരുന്നുവെന്ന് അയോധ്യ സദ്ഭാവന സമന്വയ മഹാ സമിതി പ്രസിഡൻറ് അമർനാഥ് മിശ്ര ആരോപിച്ചിരുന്നു. എന്നാൽ മിശ്രയെ തനിക്കറിയുക പോലുമില്ലെന്ന് പറഞ്ഞ് സൽമാൻ നദ്വി ആരോപണം തള്ളി.
മിശ്രക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് രാമജന്മഭൂമി മന്ദിർ നിർമാൺ വ്യാസിൽനിന്ന് അമർനാഥ് മിശ്രയെ പുറത്താക്കുകയും ചെയ്തു. അതിന് ശേഷം ശ്രീ ശ്രീ രവിശങ്കറുമൊത്ത് പുതിയ വേദിയുണ്ടാക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾക്കിടയിലാണ് സൽമാൻ നദ്വി നാടകീയമായി മുസ്ലിം വ്യക്തി നിയമബോർഡിെൻറ പഴയ നിലപാട് ആവർത്തിച്ചത്. ബോർഡിൽ തിരിച്ചെടുത്താൽ അംഗത്വം സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അസദുദ്ദീൻ ഉവൈസി, കമാൽ ഫാറൂഖി തുടങ്ങി നാല് പേരെ ബോർഡിൽ നിന്ന് നീക്കം ചെയ്തെങ്കിൽ മാത്രമേ അക്കാര്യം ആലോചിക്കൂ എന്ന് നദ്വി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
