ഷാഹി ഇൗദ്ഗാഹ് പള്ളി പൊളിക്കാൻ ഹരജി; രേഖകൾ ആവശ്യപ്പെട്ട് മഥുര കോടതി
text_fieldsന്യൂഡല്‍ഹി: ശ്രീകൃഷ്ണെൻറ ജന്മസ്ഥലത്താണ് ഷാഹി ഇൗദ്ഗാഹ് പള്ളി നിർമിച്ചതെന്നും ഇതു പൊളിക്കണമെന്നും 13.37 ഏക്കര്‍ ഭൂമി ശ്രീകൃഷ്ണ ജന്മഭൂമിക്ക് വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഇതു സംബന്ധിച്ച് മുമ്പു നടന്ന കേസുകളിലെ കോടതി രേഖകൾ ഹാജരാക്കാൻ മഥുര ജില്ലാ കോടതി ഉത്തരവ്.
ഒക്ടോബർ 16ന് കോടതി ഹരജി പരിഗണിക്കും. 1947 മുതലുള്ള തല്‍സ്ഥിതി മാറ്റാന്‍ 1991ലെ ആരാധനാലയ നിയമം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മഥുര സിവിൽ കോടതി സെപ്റ്റംബർ 30ന് ഹരജി പരിഗണനക്ക് എടുക്കാതെ തള്ളിയിരുന്നു.
ഇതിന് പിന്നാലെയാണ് ഹരജിക്കാരായ ഒരു സംഘം ജില്ലാ കോടതിയെ സമീപിച്ചത്. മുഗള്‍ ഭരണാധികാരി ഔറംഗസീബ് ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നും പള്ളിക്കമ്മിറ്റി അനുബന്ധ നിര്‍മാണം നടത്തിയെന്നുമാണ് ഷാഹി ഈദ്ഗാഹ് പള്ളിക്കെതിരായ ഹരജിയിലെ വാദം. ഒരിക്കല്‍ പ്രതിഷ്ഠയിരുന്ന സ്ഥലം എക്കാലത്തും പ്രതിഷ്ഠയുടെതാണ്.
അത് ആരെങ്കിലും കൈയടക്കുകയോ തകര്‍ക്കുകയോ ചെയ്താലും അവരില്‍നിന്ന് സ്വതന്ത്രമാകുമ്പോള്‍ വീണ്ടെടുത്ത് അവിടെ ക്ഷേത്രം സ്ഥാപിക്കണമെന്നുമാണ് ഹരജിക്കാർ വാദിക്കുന്നത്.

