ന്യൂഡൽഹി: രാജ്യസഭയിൽ പ്രതിപക്ഷത്തെ പിന്തള്ളി മൂന്നു വിവാദ കാർഷിക ബില്ലുകൾ പാസാക്കുന്നതിൽ സർക്കാറും രാജ്യസഭ ഉപാധ്യക്ഷനും ഏകപക്ഷീയമായി പ്രവർത്തിച്ചുവെന്ന് വ്യക്തമാക്കുന്ന വിഡിയോ രംഗങ്ങൾ പുറത്ത്. ചട്ടങ്ങൾ ലംഘിച്ചാണ് രാജ്യസഭയിൽ ശബ്ദവോട്ടോടെ വിവാദ ബില്ലുകൾ പാസാക്കിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. ശരിയായ വോട്ടെടുപ്പ് നടന്നിരുന്നെങ്കിൽ ബിൽ പാസാക്കാൻ സഭയിൽ ഭരണപക്ഷത്തിന് അംഗബലം ഇല്ലായിരുന്നുവെന്നാണ് പ്രതിപക്ഷ വാദം. എന്നാൽ, ബിൽ പാസാക്കാൻ സർക്കാറുമായി സഭാ ഉപാധ്യക്ഷൻ ഹരിവംശ് ഒത്തുകളിച്ചു.
ശബ്ദവോട്ടിനു പകരം രേഖാപരമായ വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷാവശ്യം ഉപാധ്യക്ഷൻ തള്ളുകയായിരുന്നു. ആവശ്യമുന്നയിച്ച എം.പിമാർ അവരുടെ സീറ്റുകളിൽ അല്ലായിരുന്നു എന്നാണ് ന്യായം പറഞ്ഞത്. എന്നാൽ, ബിൽ പാസാക്കാതെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട സി.പി.എമ്മിലെ കെ.കെ. രാഗേഷ്, ഡി.എം.കെയിലെ തിരുച്ചി ശിവ എന്നിവർ അവരുടെ സീറ്റുകളിൽതന്നെയായിരുന്നു എന്നാണ് വിഡിയോ രേഖയിൽ കാണുന്നത്.
ബിൽ പാസാക്കുന്നതിന് രാജ്യസഭ നടപടികളുടെ സമയം ഉച്ചക്ക് ഒരു മണിക്ക് പൊടുന്നനെ നീട്ടിയതിനെയും പ്രതിപക്ഷം എതിർത്തിരുന്നു. സഭയിൽ സമവായമില്ലാതെയാണ് ഉപാധ്യക്ഷൻ ഇങ്ങനെ സമയം നീട്ടിയത്. രാജ്യസഭ ചേരുന്ന സമയം നീട്ടരുതെന്നും മന്ത്രിക്ക് നാളെ മറുപടി പറയാമെന്നുമുള്ള പ്രതിപക്ഷ നിലപാട് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറയുന്നത് വിഡിയോ രേഖകൾ പ്രകാരം 1.03നാണ്. 12 പാർട്ടികളെങ്കിലും സഭാസമയം നീട്ടുന്നതിന് എതിരായിരുന്നുവെന്നും രാജ്യസഭ ചട്ടം 37െൻറ ലംഘനമാണ് ഉപാധ്യക്ഷൻ നടത്തിയതെന്നും തിരുച്ചി ശിവ പറഞ്ഞു.
വിവാദ ബില്ലുകളിൽ ഒപ്പുവെക്കരുതെന്നും തിരിച്ചയക്കണമെന്നും പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. അത് തള്ളിയാണ് ബില്ലുകൾ രാഷ്ട്രപതി അംഗീകരിച്ചത്..