മാതാ വൈഷ്‍ണോ ദേവി മെഡിക്കൽ കോളജ്; 50 വിദ്യാർഥികൾക്ക് സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം
text_fieldsജമ്മു: ദേശീയ മെഡിക്കൽ കമീഷൻ അംഗീകാരം റദ്ദാക്കിയതിനെ തുടർന്ന് പഠനം പ്രതിസന്ധിയിലായ ജമ്മു ശ്രീ മാതാ വൈഷ്‍ണോ ദേവി മെഡിക്കൽ കോളജിലെ 50 എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ജമ്മു-കശ്മീരിലെ ഏഴ് സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകുമെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല. ഇവരുടെ കൗൺസലിങ് ജനുവരി 24ന് നടക്കും.
ഈ വിദ്യാർഥികൾക്ക് ഈ വർഷം മറ്റ് കോളജുകളിൽ പ്രവേശനം നൽകാനാവില്ലെന്നായിരുന്നു ജമ്മു-കശ്മീർ എൻട്രൻസ് പരീക്ഷ ബോർഡ് തീരുമാനിച്ചിരുന്നത്. കടുത്ത പ്രതിഷേധത്തെ തുടർന്ന് അധിക സീറ്റുകൾ അനുവദിച്ചാണ് ഇവർക്ക് പ്രവേശനം ഉറപ്പാക്കിയത്. സംസ്ഥാന സർക്കാറിന്റെ ഇടപെടലാണ് വിദ്യാർഥികൾക്ക് ആശ്വാസമായത്. അനന്ത്നാഗ്, ബാരാമുല്ല, ദോഡ, ഹന്ദ്വാര, കഠ് വ, രജൗരി, ഉധംപുർ ഗവ. മെഡിക്കൽ കോളജുകളിലാണ് ഇവർക്ക് പ്രവേശനം നൽകുക.
വൈഷ്‍ണോ ദേവി മെഡിക്കൽ കോളജിലെ ആദ്യ ബാച്ചിലെ 50 പേരിൽ 42 വിദ്യാർഥികളിൽ ഭൂരിഭാഗവും കശ്മീരിലെ മുസ്‍ലിംകളായിരുന്നു. ഇതേതുടർന്ന് സംഘ്പരിവാർ സംഘടനകൾ കഴിഞ്ഞ വർഷം നവംബർ മുതൽ വ്യാപക പ്രതിഷേധമുയർത്തുകയും എല്ലാ സീറ്റുകളിലും ഹിന്ദു വിദ്യാർഥികൾക്ക് പ്രവേശനം നൽകണമെന്ന് ആവശ്യപ്പെടുകയുംചെയ്തു.
ഇതിന് പിന്നാലെ മതിയായ സൗകര്യങ്ങളില്ലെന്നു പറഞ്ഞ് ദേശീയ മെഡിക്കൽ കമീഷൻ വൈഷ്‍ണോ ദേവി മെഡിക്കൽ കോളജിന്റെ അംഗീകാരം റദ്ദാക്കി. ഇതോടെയാണ് വിദ്യാർഥികളുടെ ഭാവി തുലാസിലായത്. എന്നാൽ, ഇവരുടെ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല ജനുവരി എട്ടിന് ഉറപ്പു നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

