'സ്വയംഭോഗ ജിഹാദ്'; മാപ്പ് പറഞ്ഞ് ലളിത് സർദാന, വിഡിയോ അടർത്തിയെടുത്തതാണെന്ന് വിശദീകരണം
text_fieldsമുസ്‍ലിം കുട്ടികൾ ഹിന്ദു കുട്ടികളെ സ്വയംഭോഗത്തിന് പ്രേരിപ്പിക്കുന്ന ജിഹാദ് വ്യാപകമാണെന്ന വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് മത്സര പരീക്ഷ പരിശീലകൻ ലളിത് സർദാന. മുസ്‍ലിംകൾക്കെതിരായ പരാമർശങ്ങളിൽ മാപ്പ് പറയുന്നുവെന്നും, വിഡിയോയുടെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നെന്നും ലളിത് സർദാന പറഞ്ഞു.
'മുസ്ലിംകൾക്കെതിരായ പരാമർശങ്ങളിൽ മാപ്പ് പറയുന്നു. എന്നാൽ, സെലബ്രിറ്റികളുടെ വിഡിയോയിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതുപോലെയാണിത്. ദൈർഘ്യമേറിയ ഒരു ക്ലാസിന്‍റെ രണ്ടരമിനിറ്റ് വരുന്ന ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. പഠനത്തിന്‍റെ ഭാഗമായല്ല അങ്ങനെ പറഞ്ഞത്. ഓൺലൈൻ പഠനത്തിനിടയിലെ മൊബൈൽ ദുരുപയോഗത്തെ കുറിച്ച് പറയുകയായിരുന്നു. ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞിരുന്നു. അതിനിടയിലാണ് അശ്ലീല വിഡിയോകൾക്ക് കുട്ടികൾ അടിമപ്പെടുന്നതിനെ കുറിച്ച് പറഞ്ഞത്'- സർദാന വിശദീകരിക്കുന്നു.
മുസ്‍ലിംകുട്ടികൾ ഹിന്ദുകുട്ടികളെ സ്വയംഭോഗത്തിന് പ്രേരിപ്പിക്കുന്ന ജിഹാദ് വ്യാപകമാണെന്നായിരുന്നു ഓൺലൈൻ ക്ലാസിനിടെ ലളിത് സർദാനയുടെ വിചിത്രവാദം. മത്സര പരീക്ഷാ പരിശീലന രംഗത്തെ പ്രമുഖനായ സർദാനയുടെ വിവാദ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയായിരുന്നു.
ഹിന്ദുകുട്ടികൾക്ക് മുസ്‍ലിം കുട്ടികൾ അശ്ലീല ചിത്രങ്ങളും വിഡിയോകളും കാണിച്ചുകൊടുക്കുകയാണെന്ന് സർദാന പറയുന്നു. അശ്ലീല വിഡിയോകൾ കാണുന്ന ഹിന്ദുകുട്ടികൾ ആവേശം കൊള്ളുകയും സ്വയംഭോഗം ചെയ്യുകയും ചെയ്യുന്നു. അങ്ങിനെ സ്വയംഭോഗം ചെയ്യുന്നതിലൂടെ ഹിന്ദുക്കളുടെ ലൈംഗിക ശേഷി ക്രമേണകുറയും. ഹിന്ദുക്കളുടെ ലൈംഗിക ശേഷി കുറക്കാനുള്ള ഈ ജിഹാദ് വ്യാപകമാണെന്നും ലളിത് സർദാന വിഡിയോയിൽ വിശദീകരിക്കുന്നു.
ഇപ്പോൾ അത് മനസിലാകില്ല. വർഷങ്ങൾ കഴിയുമ്പോൾ ഇത് ബോധ്യപ്പെടും. വെബ്സീരീസുകളും വിഡിയോകളും ഇതിന് വേണ്ടി ഉണ്ടാക്കുന്നുണ്ടെന്നും സർദാന പറഞ്ഞു. അത്തരം വെബ്സീരീസുകൾ സംവിധാനം ചെയ്യുന്നതും അതിൽ അഭിനയിക്കുന്നതും മുസ്‍ലിംകളാണ്. എന്നാൽ, ഈ വെബ്സീരീസുകൾ കാണുന്നത് മുസ്‍ലിംകളല്ല, ഹിന്ദുകുട്ടികളാണെന്നും ലളിത് സർദാന പറഞ്ഞു. വിഡിയോ വിവാദമായതിന് പിന്നാലെയാണ് ഇപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

