പെരിയാറിന്റെ ‘സ്വയം നിർണയാവകാശ’ വാദത്തെച്ചൊല്ലി രാജ്യസഭയിൽ കോലാഹലം
text_fieldsന്യൂഡൽഹി: കശ്മീരികളുടെ സ്വയം നിർണയാവകാശത്തിനായി വാദിച്ച ദ്രാവിഡ നേതാവ് ഇ.വി.രാമസാമി പെരിയാറിനെ ഉദ്ധരിച്ച് തമിഴ്നാട്ടിൽ നിന്നുള്ള ഡി.എം.കെ എം.പി മുഹമ്മദ് അബ്ദുല്ല നടത്തിയ പ്രസംഗം രാജ്യസഭയിൽ കോലാഹലത്തിനിടയാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഭരണ പക്ഷവും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഇൻഡ്യ കക്ഷികളും തമ്മിൽ ഏറ്റുമുട്ടിയ തർക്കത്തിനൊടുവിൽ പെരിയാറിന്റെ വാക്കുകൾ രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരാണെന്നും സഭയിൽ അതുദ്ധരിക്കാൻ അനുവദിക്കില്ലെന്നും രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ റൂളിങ് നൽകി.
പെരിയാർ പറഞ്ഞത് കോൺഗ്രസ് അംഗീകരിക്കുന്നുണ്ടോ എന്നുചോദിച്ച് കേന്ദ്ര മന്ത്രിമാരായ അമിത് ഷായും നിർമല സീതാരാമനും പിയൂഷ് ഗോയലും ഭരണപക്ഷത്തുനിന്ന് എഴുന്നേറ്റു. പ്രസംഗം സഭാരേഖകളിൽനിന്ന് നീക്കണമെന്നും ഇത്തരം പ്രസംഗം അനുവദിക്കരുതെന്നും ബി.ജെ.പി എം.പിമാർ ആവശ്യപ്പെട്ടു.
മുഹമ്മദ് അബ്ദുല്ലയുടെ പ്രസംഗം തടസ്സപ്പെടുത്തിയ ബി.ജെ.പി നേതാക്കളുടെയും ചെയർമാന്റെയും നടപടി പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഡി.എം.കെ നേതാവ് തിരുച്ചിശിവയും ചോദ്യം ചെയ്തു. പെരിയാറിനെ ഉദ്ധരിച്ച് പ്രസംഗിക്കാൻ മുഹമ്മദ് അബ്ദുല്ലക്ക് അവകാശമുണ്ടെന്നും സഭയിൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായത് വല്ലതുമുണ്ടെങ്കിൽ ചെയർമാൻ അത് സഭാ രേഖകളിൽനിന്ന് നീക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു.
എല്ലാ വംശങ്ങൾക്കും സ്വയം നിർണയാവകാശം നൽകണമെന്ന് പെരിയാർ പറഞ്ഞത് തെറ്റായി വായിക്കുകയാണ് ചെയർമാനും ബി.ജെ.പി നേതാക്കളും ചെയ്യുന്നതെന്ന് ഡി.എം.കെ സഭാ നേതാവ് തിരുച്ചി ശിവ കുറ്റപ്പെടുത്തി.
എന്നാൽ, ജമ്മു-കശ്മീരിൽ കോൺഗ്രസിലെ ഭിന്നത പ്രകടമാക്കിയ നീക്കത്തിൽ കശ്മീരിൽ പണ്ഡിറ്റുകൾക്കെതിരെ നടന്ന വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് വിവേക് ടങ്ക രാജ്യസഭയിൽ ആവശ്യപ്പെട്ടു. കശ്മീരികൾക്ക് സ്വയം നിർണയാവകാശം വേണമെന്ന് വാദിച്ച ഡി.എം.കെയുടെ മുഹമ്മദ് അബ്ദുല്ലയുടെ പരാമർശത്തെ ജയ്റാം രമേശ് തള്ളിപ്പറയുകയും ചെയ്തു. ഇവർ രണ്ടുപേരും കൈക്കൊണ്ട നിലപാടിനെ രാജ്യസഭാ ചെയർമാനും അമിത് ഷായും മറ്റു ബി.ജെ.പി നേതാക്കളും സ്വാഗതം ചെയ്തു. എന്നാൽ, ഇരുവരുടെയും സംസാരത്തെ അംഗീകരിക്കാത്ത മധ്യമ നിലപാടാണ് മല്ലികാർജുൻ ഖാർഗെയും വേണുഗോപാലും സ്വീകരിച്ചത്. അതേസമയം ഒരു വിഭാഗത്തിന്റെ താൽപര്യങ്ങൾ മാത്രം സംരക്ഷിച്ച് കശ്മീരിലെ ജനങ്ങൾക്കിടയിൽ വിഭാഗീയതയുണ്ടാക്കുന്നതാണ് അമിത് ഷാ അവതരിപ്പിച്ച ജമ്മു -കശ്മീർ ബില്ലുകളെന്ന് ഡി.എം.കെയും തൃണമൂൽ കോൺഗ്രസും കുറ്റപ്പെടുത്തി. കേരളത്തിൽനിന്ന് മുസ്‍ലിം ലീഗിലെ പി.വി. അബ്ദുൽ വഹാബ്, സി.പി.എമ്മിലെ എ.എ. റഹീം എന്നിവരും ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

