ഗുജറാത്തിൽ മദ്യനിരോധനം: ഗിഫ്റ്റ് സിറ്റിയിൽ വിൽപ്പന പൊടിപൊടിക്കുന്നു; രണ്ട് വർഷത്തിൽ വിറ്റത് 60,000 ലിറ്ററിലധികം
text_fieldsഗാന്ധിനഗർ: സമ്പൂർണ മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിലെ 'ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റി' (ഗിഫ്റ്റ് സിറ്റി)യിൽ മദ്യവിൽപ്പനയിൽ വൻ വർധന. 2024 ഓഗസ്റ്റ് മുതൽ 2026 ജൂലൈ വരെയുള്ള രണ്ട് വർഷത്തിനിടെ 60,354 ലിറ്ററിലധികം ഇന്ത്യൻ നിർമിത വിദേശമദ്യം (ഐ.എം.എഫ്.എൽ) വിറ്റഴിച്ചതായി സംസ്ഥാന ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഹർഷ് സാങ്ഘവി നിയമസഭയെ അറിയിച്ചു.
കോൺഗ്രസ് എം.എൽ.എ ഇമ്രാൻ ഖേദാവാല നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് കണക്കുകൾ പുറത്തുവിട്ടത്. 2024 ഓഗസ്റ്റ് 1 മുതൽ 2025 ജൂലൈ 31 വരെ ഗിഫ്റ്റ് സിറ്റിയിലെ ‘വൈൻ ആൻഡ് ഡൈൻ’ മേഖലയിലൂടെ 3,716.28 ലിറ്റർ മദ്യം വിറ്റഴിച്ചപ്പോൾ, 2025 ഓഗസ്റ്റ് 1 മുതൽ 2026 ജൂലൈ 31 വരെ ഇത് 56,638.19 ലിറ്ററായി ഉയർന്നു. ഇതോടെ ഒരു വർഷത്തിനിടെ മദ്യവിൽപ്പനയുടെ അളവ് 15 മടങ്ങിലേറെ വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
ഈ കാലയളവിൽ മദ്യവിൽപ്പനയിൽ നിന്ന് സംസ്ഥാന സർക്കാരിന് 87.39 ലക്ഷം രൂപ വരുമാനം ലഭിച്ചതായും മറുപടിയിൽ പറയുന്നു. ആഗോള ധനകാര്യ-സാങ്കേതിക കേന്ദ്രമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഗിഫ്റ്റ് സിറ്റിയിൽ 2023 ഡിസംബറിലാണ് ഗുജറാത്ത് സർക്കാർ മദ്യനിരോധന ചട്ടങ്ങളിൽ ഇളവ് അനുവദിച്ചത്.
നിക്ഷേപകരെയും വിദേശ കമ്പനികളെയും ആകർഷിക്കുന്നതിനായി ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ക്ലബുകൾ എന്നിവിടങ്ങളിൽ മദ്യം നൽകാൻ അനുമതി നൽകിയിരുന്നു. തുടക്കത്തിൽ ഗിഫ്റ്റ് സിറ്റിയിൽ ജോലി ചെയ്യുന്നവർക്കും അവരുടെ ഔദ്യോഗിക അതിഥികൾക്കും മാത്രമായിരുന്നു മദ്യം ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നത്.
എന്നാൽ 2025 ഡിസംബറിൽ ചട്ടങ്ങൾ കൂടുതൽ ലഘൂകരിച്ചതോടെ ഗുജറാത്തിന് പുറത്തുനിന്നും വിദേശത്തുനിന്നുമെത്തുന്ന സന്ദർശകർക്കും സാധുവായ തിരിച്ചറിയൽ രേഖ കാണിച്ച് ഗിഫ്റ്റ് സിറ്റിയിലെ അംഗീകൃത സ്ഥാപനങ്ങളിൽ മദ്യം ഉപയോഗിക്കാനായി. ഇതോടെയാണ് മദ്യവിൽപ്പനയിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയതെന്നാണ് വിലയിരുത്തൽ.
ഗുജറാത്ത് രൂപീകരിച്ചതുമുതൽ നിലവിലുള്ള മദ്യനിരോധന നയത്തിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രത്യേക മേഖലക്ക് നൽകിയ ആദ്യത്തെ വലിയ ഇളവാണ് ഗിഫ്റ്റ് സിറ്റിയിലേത്. ഈ ഇളവിന് പിന്നാലെയാണ് മദ്യവിൽപ്പനയും സർക്കാർ വരുമാനവും കുത്തനെ ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

