പാകിസ്താന് വേണ്ടി ചാരവൃത്തി; എട്ട് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്ഡ്: ഇലക്‌ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും പിടിച്ചെടുത്തു
text_fieldsയുദ്ധക്കപ്പലുകളെയും അന്തർവാഹിനികളെയും സംബന്ധിച്ച് തന്ത്രപ്രധാനമായ രഹസ്യ വിവരങ്ങൾ പാകിസ്താൻ ഏജന്റിന് പങ്കുവെച്ചതിന് അറസ്റ്റിലായ മെക്കാനിക്കൽ എഞ്ചിനീയർ രവീന്ദ്ര വർമ്മ
ന്യൂഡൽഹി: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലെ 15 സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്ഡ് നടത്തി. ഡൽഹി, മഹാരാഷ്‌ട്ര, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്‌ഗഢ്, അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ചാരവൃത്തി സംശയിക്കുന്നവരുടെ സ്ഥലങ്ങളിലാണ് ശനിയാഴ്ച രാത്രി റെയ്‌ഡ് നടന്നത്.
ഇന്ത്യാ വിരുദ്ധ ഭീകര ഗൂഢാലോചനയുടെ ഭാഗമായി പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തുന്ന റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാൻ വേണ്ടിയാണ് വ്യാപക പരിശോധന നടത്തിയതെന്ന് എൻ.ഐ.എ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി. റെയ്‌ഡിനിടെ നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും മറ്റു വസ്‌തുക്കളും പിടിച്ചെടുത്തു.
പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്) ജവാൻ അടുത്തിടെ അറസ്റ്റിലായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചാരവൃത്തി നടത്തിയതിന് സി.ആർ.പി.എഫിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്‌ടർ മോതി റാം ജാട്ടിനെയാണ് ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ ജോലിയിൽനിന്നും സസ്‌പെൻഡ് ചെയ്‌തിരുന്നു.
യുദ്ധക്കപ്പലുകളെയും അന്തർവാഹിനികളെയും സംബന്ധിച്ച് തന്ത്രപ്രധാനമായ രഹസ്യ വിവരങ്ങൾ പാകിസ്താൻ ഏജന്റിന് പങ്കുവെച്ചതിന് മെക്കാനിക്കൽ എഞ്ചിനീയറായ രവീന്ദ്ര വർമ(27)യെയും ഇക്കഴിഞ്ഞ ബുധനാഴ്ച മഹാരാഷ്ട്ര താനെയിലെ കൽവയിൽനിന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തിരുന്നു. ഫേസ്ബുക്കിൽ സ്ത്രീയായി വേഷംമാറിയെത്തിയ പാകിസ്താൻ ഏജന്റിനാണ് രഹസ്യ വിവരങ്ങൾ കൈമാറിയത്. "തന്ത്രപ്രധാനമായ വിവരങ്ങൾ പലതവണ വർമ പങ്കുവെച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിന് പ്രതിഫലമായി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് അയാൾക്ക് പണം ലഭിച്ചു’ -അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
വിവിധ യുദ്ധക്കപ്പലുകളെയും അന്തർവാഹിനികളെയും കുറിച്ചുള്ള വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവിന് (പിഐഒ) വർമ പങ്കിട്ടതായി കണ്ടെത്തി. പ്രതിരോധ സാങ്കേതിക സ്ഥാപനത്തിൽ ജൂനിയർ എഞ്ചിനീയറായി വർമ ജോലി ചെയ്തിരുന്നു. ഈ പേരിൽ ദക്ഷിണ മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിലേക്ക് അദ്ദേഹത്തിന് പ്രവേശനമുണ്ടായിരുന്നു. നാവിക കപ്പലുകളിലും അന്തർവാഹിനികളിലും അദ്ദേഹം കയറുമായിരുന്നുവെന്നും പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

