തെലങ്കാനയിൽ വൻ പാചകവാതക റെയ്ഡ്; 1.10 കോടിയുടെ ഗാർഹിക പാചകവാതക സിലിണ്ടറുകൾ പിടിച്ചെടുത്തു
text_fieldsഹൈദരാബാദ്: സബ്‌സിഡി നിരക്കിലുള്ള ഗാർഹിക പാചകവാതക സിലിണ്ടറുകൾ അനധികൃതമായി മറിച്ചുവിൽക്കുന്ന സംഘങ്ങൾക്കെതിരെ തെലങ്കാനയിൽ കനത്ത നടപടി. സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ വ്യാപക റെയ്ഡുകളിൽ 1.10 കോടി രൂപയുടെ 3,699 ഗാർഹിക സിലിണ്ടറുകളും 70 ചെറിയ സിലിണ്ടറുകളും പിടിച്ചെടുത്തു. മാർച്ച് 12 മുതൽ ഏപ്രിൽ 3 വരെ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിലാണ് ഈ വൻ ശേഖരം പിടികൂടിയത്.
വീടുകളിൽ ഉപയോഗിക്കേണ്ട സിലിണ്ടറുകൾ നിയമവിരുദ്ധമായി ഹോട്ടലുകൾ, ദാബകൾ, മറ്റു ഭക്ഷണശാലകൾ എന്നിവിടങ്ങളിലേക്ക് മറിച്ചുവിൽക്കുന്നതായി അധികൃതർ കണ്ടെത്തി. ചിലയിടങ്ങളിൽ ഓട്ടോറിക്ഷകളിൽ ഇന്ധനമായും ഇവ ഉപയോഗിക്കുന്നുണ്ട്. ഹൈദരാബാദ് ഇത്തരം തട്ടിപ്പുകളുടെ പ്രധാന കേന്ദ്രമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത്തരത്തിൽ സിലിണ്ടറുകൾ അനധികൃതമായി സൂക്ഷിക്കുന്നതും നിറക്കുന്നതും വലിയ സുരക്ഷ ഭീഷണിയാണ് ഉയർത്തുന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരം 1,275 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിനുപുറമെ 216 എഫ്.ഐ.ആറുകളും പൊലീസ് ഫയൽ ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ വിലവർധനവിനെത്തുടർന്ന് വാണിജ്യ സിലിണ്ടറുകളുടെ വില കുതിച്ചുയർന്നതാണ് അനധികൃത കച്ചവടം സജീവമാകാൻ കാരണമെന്നാണ് വിലയിരുത്തൽ. നിലവിൽ ഹൈദരാബാദിൽ വാണിജ്യ സിലിണ്ടറിന് 2,320.50 രൂപയും ഗാർഹിക സിലിണ്ടറിന് 965 രൂപയുമാണ് വില.
സിലിണ്ടർ പിടിച്ചെടുക്കലിന് പിന്നാലെ പാചകവാതക ബുക്കിങ്ങുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്കെതിരെയും സർക്കാർ ജാഗ്രത നിർദേശം നൽകി. ഗ്യാസ് ഏജൻസി പ്രതിനിധികളെന്ന വ്യാജേന വിളിച്ച് ബാങ്ക് വിവരങ്ങൾ ചോർത്തുന്ന സംഘങ്ങൾ സജീവമാണ്. ഔദ്യോഗിക ആപ്പുകൾ വഴിയോ വെബ്സൈറ്റുകൾ വഴിയോ മാത്രം ബുക്കിങ് നടത്തണം. സംശയാസ്പദമായ ഫോൺ കോളുകൾ ലഭിച്ചാൽ ഉടൻ 1967 അല്ലെങ്കിൽ 100 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 1906 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

