ഹിമാചലിൽ വൻ കാട്ടുതീ; അണക്കാൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രംഗത്ത്
text_fieldsഹിമാചൽ പ്രദേശിലെ സോലൻ ജില്ലയിലുള്ള കന്ദാഘട്ടിലെ ക്യാരിഘട്ട് ഗ്രാമപ്രദേശത്ത് ചൊവ്വാഴ്ച വൻ കാട്ടുതീയുണ്ടായി. കുന്നിൻചെരിവുകളിലൂടെ തീ അതിവേഗം പടർന്നുപിടിക്കുകയാണ് ചെയ്തത്. കിലോമീറ്ററുകളോളം പുകപടലങ്ങൾ ഉയർന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ അടിയന്തര രക്ഷാപ്രവർത്തകരും പ്രദേശവാസികളും ചേർന്ന് ശക്തമായ ശ്രമങ്ങളാണ് നടത്തിയത്.
അടിയന്തര സഹായത്തിനായി ഭരണകൂടം ഇന്ത്യൻ സൈന്യത്തെയും വ്യോമസേനയെയും സമീപിച്ചു. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബുധനാഴ്ച തീപിടുത്തം നിയന്ത്രണവിധേയമാക്കാനുള്ള പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വ്യോമസേനയുടെ ഒരു എം.ഐ-17 ഹെലികോപ്റ്റർ രംഗത്തിറക്കുകയും ഈ ഹെലികോപ്റ്റർ സുഖ്ന തടാകത്തിൽ നിന്ന് വെള്ളമെടുത്ത് തീപിടിച്ച വനമേഖലകളിൽ ആകാശമാർഗ്ഗം തളിക്കുകയും ചെയ്തു.
കടുത്ത ചൂടിനെത്തുടർന്ന് ഉണങ്ങിയ പൈൻ ഇലകൾക്ക് തീപിടിച്ചാണ് ചൊവ്വാഴ്ച ഉച്ചക്ക് ജങ്കേശു മേഖലയിൽ കാട്ടുതീ ആരംഭിച്ചത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തീ കിലോമീറ്ററുകളോളം പടരുകയായിരുന്നെന്നും പ്രദേശവാസികൾ പറയുന്നു. ഇതിനിടയിൽ ഷിംലയിലെ താരാദേവി വനമേഖലയിലും മറ്റൊരു കാട്ടുതീ പടരുകയും നഗരത്തിന്റെ പല ഭാഗങ്ങളും കനത്ത പുകയിലാവുകയും ചെയ്തു. ഇതിനെ തുടർന്ന് ഫയർഫോഴ്സും വനംവകുപ്പും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി.
ഹിമാചൽ പ്രദേശിൽ പ്രതിവർഷം ശരാശരി 5,000 മുതൽ 10,000 ഹെക്ടർ വരെ വനഭൂമിയെ ബാധിക്കുന്ന കാട്ടുതീ വലിയൊരു ആശങ്കയായി മാറിയിരിക്കുകയാണ്. അപൂർവ്വമായ ഔഷധസസ്യങ്ങൾക്കും വന്യജീവികൾക്കും വനവിഭവങ്ങൾക്കും കടുത്ത നാശനഷ്ടമുണ്ടാക്കുന്ന ഇത്തരം സംഭവങ്ങൾ മൂലം സംസ്ഥാനത്ത് പ്രതിവർഷം 3 കോടി മുതൽ 5 കോടി രൂപ വരെ നഷ്ടം ഉണ്ടാകുന്നുണ്ടെന്നുമാണ് വനംവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

