ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ വൻ തീപിടിത്തം: നോയിഡയിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
text_fieldsനോയിഡ: ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ നോയിഡയിലെ സെക്ടർ 66ൽ മാമുര ഗ്രാമത്തിലെ ഒരു ബഹുനില സമുച്ചയത്തിലാണ് ബുധനാഴ്ച വൻതീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് ദുരന്തത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.
തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിൽ കുടുങ്ങിയ അമ്പതോളം താമസക്കാരെ ഫയർഫോഴ്സും പൊലീസും ചേർന്ന് സുരക്ഷിതമായി ഒഴിപ്പിക്കുകയായിരുന്നു. തീപിടിത്തത്തിനിടെ പുക ശ്വസിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചത്. മുമ്പ് തന്നെ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന ഇവരെ ഉടൻ തന്നെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ജോയന്റ് പൊലീസ് കമീഷണർ രാജീവ് മിശ്ര അറിയിച്ചു.
താഴത്തെ നിലയിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഇലക്ട്രിക് ഇരുചക്ര വാഹനത്തിന് തീപിടിക്കുകയും, ഇത് സമീപത്ത് പാർക്ക് ചെയ്തിരുന്ന പെട്രോൾ വാഹനങ്ങളിലേക്ക് അതിവേഗം പടരുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഗ്രൗണ്ട് ഫ്ലോറും നാല് നിലകളുമുള്ള കെട്ടിടത്തിന്റെ ഓരോ ഫ്ലോറിലും 10 മുതൽ 12 വരെ മുറികളാണ് ഉണ്ടായിരുന്നത്. ഇവ വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. അടിയന്തര സന്ദേശം ലഭിച്ചയുടൻ ഏഴ് അഗ്നിശമന സേന യൂനിറ്റുകളും ഹൈഡ്രോളിക് പ്ലാറ്റ്‌ഫോമും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

