മുംബൈയിൽ ധാരാവിയിലെ റെയിൽവെ സ്റ്റേഷന് സമീപം വൻ തീപിടുത്തം; ഹാർബർ ലൈൻ ട്രെയിൻ സർവിസുകൾ നിർത്തിവെച്ചു
text_fieldsമുംബൈ: മാഹിം റെയിൽവേ സ്റ്റേഷന് സമീപമുള്ള ധാരാവിയുടെ ഭാഗത്ത് വൻ തീപിടുത്തമുണ്ടായി. ശനിയാഴ്ച ഉച്ചക്ക് 12.29തോടെയാണ് സംഭവം. തീപിടുത്തത്തെ തുടർന്ന് ഹാർബർ റെയിൽ സർവിസുകൾ നിർത്തിവച്ചതായി വെസ്റ്റേൺ റെയിൽവേ കൺട്രോൾ റൂം എഫ്.പി.ജെയെ അറിയിച്ചു. മാഹിമിനും ബാന്ദ്രക്കും ഇടയിലെ കിഴക്കൻ ഭാഗത്തുള്ള ഹാർബർ ലൈനിനോട് ചേർന്നുള്ള നിരവധി കുടിലുകൾ കത്തി നശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
വിവരം ലഭിച്ചയുടൻ മുംബൈ ഫയർ ബ്രിഗേഡ്, ആംബുലൻസ്, ബി.എം.സിയുടെ വാർഡ് ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. നിരവധി സിലിണ്ടർ സ്ഫോടനങ്ങൾ മൂലമാണ് തീപിടുത്തമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തീപിടിത്തത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലെന്ന നിലയിൽ ഓവർഹെഡ് ഉപകരണങ്ങളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചുവെന്ന് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു. മാഹിമിനും ബാന്ദ്ര സ്റ്റേഷനുകൾക്കുമിടയിൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി വെസ്റ്റേൺ റെയിൽവേ വക്താവ് അറിയിച്ചു. യാത്രക്കാർക്കോ ട്രെയിനുകൾക്കോ യാതൊരു അപകടവും ഉണ്ടാകില്ല. കാരണം അവ നിയന്ത്രിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

