ഗുജറാത്തിൽ വിനോദകേന്ദ്രത്തിൽ തീപിടിത്തം; 27 മരണം
text_fieldsരാജ്കോട്: ഗുജറാത്തിലെ രാജ്കോട് നഗരത്തിൽ പ്രവർത്തിക്കുന്ന വിനോദകേന്ദ്രത്തിൽ (ഗെയിമിങ് സോൺ) ഉണ്ടായ തീപിടിത്തത്തിൽ 12 കുട്ടികൾ ഉൾപ്പെടെ 27 പേർ മരിച്ചു. ശനിയാഴ്ച വൈകീട്ടാണ് ടി.ആർ.പി ഗെയ്മിങ് സോണിൽ തീപിടിത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് രാജ്കോട് പൊലീസ് കമീഷണർ രാജു ഭാർഗവ വ്യക്തമാക്കി.
പരിക്കേറ്റവരുടെ ചികിത്സക്കായി വേണ്ട നിർദേശങ്ങൾ നൽകിയതായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങി. യുവ് രാജ് സിങ് സോളങ്കി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ബൗളിങ്, കാർട് റെയ്സിങ്, ഭക്ഷണശാലകൾ തുടങ്ങിയവയാണ് ടി.ആർ.പിയിലുള്ളത്. സ്ഥാപനത്തിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വേനലവധി ആഘോഷിക്കാനെത്തിയവരുടെ തിരക്കായിരുന്നു ഇവിടെ. വൈകീട്ട് 4.30ഓടെയാണ് ഫൈബർ കൊണ്ട് നിർമിച്ച കൂടാരത്തിൽ തീയുയർന്നത്. തീ പടർന്ന് കൂടാരം തകർന്നു. വിവരമറിഞ്ഞ ഉടൻ അഗ്നിശമന വിഭാഗമെത്തി രക്ഷാപ്രവർത്തനം തുടങ്ങിയതായി ജില്ല കലക്ടർ പ്രഭവ് ജോഷി പറഞ്ഞു.
അപകടത്തിൽ എത്ര പേർ മരിച്ചുവെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ഫയർ ഓഫീസർ ആർ.എ റോബൻ പറഞ്ഞു. മൃതദേഹങ്ങൾ തങ്ങൾ പുറത്തെടുത്ത് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

