വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ കെമിക്കല്‍ പ്ലാന്‍റിലുണ്ടായ വന്‍ തീപിടിത്തത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. രാംകി ഫാര്‍മ സിറ്റിയിലെ വിശാഖ സോൾവന്‍റ്സ് കെട്ടിടത്തിലാണ് രാത്രി 11 മണിയോടെ തീപ്പിടുത്തവും പൊട്ടിത്തെറിയുമുണ്ടായത്. രണ്ട് മാസത്തിനിടെ വിശാഖപട്ടണം ഫാർമ സിറ്റിയിലുണ്ടാകുന്ന മൂന്നാമത്തെ തീപിടിത്തമാണിത്.
അപകടം നടക്കുമ്പോള്‍ നാല് തൊഴിലാളികള്‍ പ്ലാന്‍റിനകത്തുണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്താനായെങ്കിലും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ മല്ലേശ്വര്‍ റാവു എന്ന തൊഴിലാളിയെ ഗജുവാകയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്ലാന്‍റിലെ അഞ്ച് റിയാക്ടറുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വിശാഖപട്ടണം കലക്ടര്‍ വി.വിനയ് ചന്ദ് പറഞ്ഞു. സംഭവം അറിഞ്ഞയുടന്‍ ജില്ലാ ഭരണകൂടം തീയണക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. 12 ഫയർ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. തീപിടുത്തത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് വിശാഖപട്ടണം കമീഷണര്‍ രാജീവ് കുമാര്‍ മീന പറഞ്ഞു.
അപകടം നടന്ന സ്ഥലത്ത് നിന്നും 15 കിലോമീറ്റർ അകലെ വരെ ഉഗ്രസ്ഫോടന ശബ്ദം കേട്ടിരുന്നു. ഒന്നിൽക്കൂടുതൽ സ്ഫോടനങ്ങൾ ഉണ്ടായിയെന്നും സമീപവാസികൾ പറഞ്ഞു. സ്ഫോടനം നടന്നതോടെ വൈദ്യുതി തടസ്സപ്പെട്ടു. 85ഓളം ഫാർമക്കമ്പനികളാണ് സമീപത്തായി ഉണ്ടായിരുന്നത്.