ആയിഷ റെന്നക്കെതിരെ സൈബർ ആക്രമണം; എഫ്.ബി അക്കൗണ്ട് പൂട്ടിച്ചു
text_fieldsകോഴിക്കോട്: പൗരത്വ ബിൽ വിഷയത്തിൽ ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ നടന്ന സമരത്തിലൂടെ ശ്രദ്ധേയയായ മലയാളി വിദ്യാർഥി ആയിഷ റെന്നക്കെതിരെ സൈബർ ആക്രമണം. ഐഷാ റെന്നയുടെ ഫേസ്ബുക്ക് അക്കൗണ്ട് മാസ് റിപ്പോർട്ടിങ്ങിലൂടെ പൂട്ടിച്ചു. സംഘപരിവാർ സൈബർ സെല്ലിന്‍റെ ആസൂത്രിത നീക്കമാണ് സൈബർ ആക്രമണമെന്ന് ഐഷ റെന മാധ്യമങ്ങളോട് പറഞ്ഞു.
പൗരത്വഭേദഗതി ബില്‍, എന്‍.ആര്‍.സി എന്നിവക്കെതിരെയാണ് ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. ലാത്തിയുമായി വരുന്ന പൊലീസുകാരുടെ മുഖത്തേക്ക് വിരൽചൂണ്ടി പ്രതിഷേധം തീർത്ത ആയിശ റെന്ന പ്രതിഷേധത്തിന്‍റെ ശ്രദ്ധാകേന്ദ്രമായിരുന്നു.
ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയുടെ സമരാവേശം ഊതി കത്തിക്കുന്നതിൽ റെന്നയും കണ്ണൂരിൽ നിന്നുള്ള ബി.എ അറബിക് ഒന്നാം വർഷ വിദ്യാർഥിനി ലദീദയും യു.പിക്കാരി ചന്ദ യാദവുമാണ് നേതൃപരമായ പങ്കുവഹിച്ചത്. സമരം തുടങ്ങുേമ്പാൾ നാലു പെൺകുട്ടികൾ മാത്രമാണുണ്ടായിരുന്നത്. എല്ലാ ഹോസ്റ്റലുകളിലും പോയി വിദ്യാർഥികളെ സംഘടിപ്പിക്കുകയാണ് അവർ ആദ്യം ചെയ്തത്. മണിക്കൂറിനുള്ളിൽ ആയിരത്തിലധികം പേർ ‘നീൽ സലാം, അസ്സലാം, ഇൻതിഫാദ, ഇൻക്വിലാബ്’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി സമരത്തിൽ അണിചേരുകയായിരുന്നു.
ജാമിഅ മില്ലിയ്യ രണ്ടാം വർഷ എം.എ ഹിസ്റ്ററി ബിരുദ വിദ്യാർഥിനിയായ റെന്ന മലപ്പുറം സ്വദേശിയാണ്. കൊണ്ടോട്ടി മർകസുൽ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായ റെന്ന മലപ്പുറം സെന്‍റ് ജെമ്മാസിലെ പ്ലസ്ടു പഠനത്തിന് ശേഷം ഫാറൂഖ് കോളജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്താണ് ഡൽഹിയിലെത്തിയത്. ഏക സഹോദരൻ മുഹമ്മദ് ശഹിൻ ഡൽഹിയിൽ സ്വന്തമായി കച്ചവടം നടത്തുന്നു. ഭർത്താവ് സി.എ. അഫ്സൽ റഹ്മാൻ ഡൽഹിയിൽ മാധ്യമപ്രവർത്തകനാണ്. കൊണ്ടോട്ടി കാളോത്ത് സ്വദേശിയും ഒഴുകൂർ ജി.എം.യു.പി സ്കൂൾ അധ്യാപകനുമായ എൻ.എം. അബ്ദുറഷീദിന്റെയും വാഴക്കാട് ചെറുവട്ടൂർ സ്കൂളിലെ അധ്യാപിക ഖമറുന്നിസയുടെയും ഏക മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
