കൂട്ടപ്പിരിച്ചുവിടലിൽ ലക്ഷദ്വീപ്; 47 ജീവനക്കാരെ നിർബന്ധിതമായി അഡ്മിനിസ്ട്രേഷൻ വിരമിപ്പിച്ചു
text_fieldsകവരത്തി: ലക്ഷദ്വീപിൽ കൂട്ടപ്പിരിച്ചുവിടൽ. അഡ്മിനിസ്‌ട്രേഷന് കീഴിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 47 ജീവനക്കാരെ അഡ്മിനിസ്‌ട്രേഷൻ സർവീസിൽ നിന്ന് നിർബന്ധിതമായി വിരമിപ്പിച്ചു. ഫണ്ടമെന്റൽ റൂൾ 56(ജെ) പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് അഡ്മിനിസ്‌ട്രേഷന്റെ അടിയന്തര നടപടി. കവരത്തിയിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്ഷനിൽ നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറത്തിറങ്ങി.
ലക്ഷദ്വീപിലുള്ള വിവിധ ദ്വീപുകളിലെ സ്റ്റെനോഗ്രാഫർ, അപ്പർ ഡിവിഷൻ ക്ലർക്ക് (യു.ഡി.സി), ലോവർ ഡിവിഷൻ ക്ലർക്ക് (എൽ.ഡി.സി), മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (എം.ടി.എസ്) വിഭാഗങ്ങളിൽപ്പെട്ട 47 ജീവനക്കാരെയാണ് നിർബന്ധിതമായി വിരമിപ്പിച്ചത്.
ജീവനക്കാരുടെ ഇതുവരെയുള്ള സേവന റെക്കോർഡുകൾ വിലയിരുത്താൻ അഡ്മിനിസ്ട്രേഷൻ പ്രത്യേക റിവ്യൂ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശയുടെയും ലഭ്യമായ രേഖകളുടെയും അടിസ്ഥാനത്തിലാണ് ജീവനക്കാർ സർവീസിൽ തുടരുന്നത് പൊതുതാൽപ്പര്യത്തിന് അനുയോജ്യമല്ലെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം.
അഡ്മിനിസ്ട്രേഷൻ പുറപ്പെടുവിപ്പിച്ച ഉത്തരവ് കൈപ്പറ്റുന്ന തീയതി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നടപടി. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് നോട്ടീസ് കാലാവധിക്ക് പകരമുള്ള മൂന്ന് മാസത്തെ ശമ്പളവും അലവൻസുകളും ലഭിക്കും. കൂടാതെ നിലവിലുള്ള ചട്ടങ്ങൾക്കനുസൃതമായ പെൻഷൻ ആനുകൂല്യങ്ങൾക്കും ഇവർ അർഹരായിരിക്കുമെന്ന് സ്‌പെഷ്യൽ സെക്രട്ടറി (സർവീസ്) പദ്മാകർ റാം ത്രിപാഠി ഒപ്പുവെച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

