ജന്തർ മന്തർ 2.0: സ്റ്റേഡിയങ്ങൾ ഡിറ്റൻഷൻ കേന്ദ്രങ്ങളാക്കാൻ ഡൽഹി പൊലീസ്; 'സംശയിക്കുന്ന' സകലരും കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച 'ജന്തർ മന്തർ 2.0' പ്രതിഷേധത്തെ തടയുന്നതിന്റെ ഭാഗമായി ഡൽഹി പോലീസ് സംശയം തോന്നുന്ന സകലരെയും കസ്റ്റഡിയിലെടുത്ത് മാറ്റുന്നു. സമരത്തെ നേരിടുന്നതിനായി ഡൽഹിയിലെ സ്പോർട്സ് സ്റ്റേഡിയങ്ങളും കോംപ്ലക്സുകളും കരുതൽ തടങ്കൽ കേന്ദ്രങ്ങളാക്കി മാറ്റാനാണ് ഡൽഹി പോലീസിന്റെ നീക്കം. സുരക്ഷാ നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുക്കുന്നവരെ പാർപ്പിക്കുന്നതിനായി ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, നോർത്ത് ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയം, ഇന്ത്യാ ഗേറ്റിന് സമീപമുള്ള മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയം എന്നിവ ഉപയോഗിക്കാൻ തീരുമാനമായതായി പോലീസ് മാധ്യമങ്ങളെ അറിയിച്ചു. ആവശ്യമെങ്കിൽ തടങ്കലുകൾക്കായി നോർത്ത് ഡൽഹിയിലെ ബുരാരിയിലുള്ള നിരങ്കാരി സമാഗം ഗ്രൗണ്ടും ഉപയോഗിച്ചേക്കാമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനും വ്യക്തമാക്കി.
ഇന്ന് പുലർച്ചെ ഡൽഹിയിലുടനീളം കുറഞ്ഞത് 1,000 പേരെങ്കിലും കസ്റ്റഡിയിലായതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി വൈകിയും ശനിയാഴ്ച രാവിലെയുമായി അതിർത്തി പ്രദേശങ്ങളിൽ നിന്നും വിവിധ ജില്ലകളിൽ നിന്നും ആളുകളെ കസ്റ്റഡിയിലെടുത്തതായി പോലീസ് സ്ഥിരീകരിച്ചു.
ഷാഹീൻ ബാഗിലും ജാമിയ നഗറിലും പ്രതിഷേധക്കാരെ തിരിച്ചറിഞ്ഞതിനെത്തുടർന്ന് തെക്കുകിഴക്കൻ ഡൽഹി പോലീസ് 250-ലധികം പേരെ കസ്റ്റഡിയിലെടുത്തതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കിഴക്കൻ, വടക്കുകിഴക്കൻ ഡൽഹിയിൽ നിന്ന് നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തതായും പോലീസ് വ്യക്തമാക്കി. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ, വിമാനത്താവളത്തിന് സമീപമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നും പോലീസ് ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയിലെ ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.ജെ.പി സമരം. ഡൽഹിയിലെ ജന്തർ മന്തറിൽ പ്രഖ്യാപിച്ച സമരത്തിന് പാർലമെന്റ് സ്ട്രീറ്റ് പോലീസ് അനുമതി നൽകിയിട്ടില്ല. സമരത്തെ നേരിടാൻ 35,000-ത്തിലധികം സുരക്ഷാ സേനയെയാണ് ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത്.
എസ്.ഐ.ആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നുവെന്ന് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് രാജ്യത്ത് പ്രതിപക്ഷ കക്ഷികൾ വ്യാപക സമരം തുടരുകയാണ്. 10 മാസത്തിനിടെ തീരുമാനങ്ങളിലും നടപടിക്രമങ്ങളിലും കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കുറഞ്ഞത് 14 തവണ എതിർപ്പ് പ്രകടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
2024 മുതൽ വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 13 കോടി വോട്ടർമാരെ ഒഴിവാക്കിയതായി സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് ഇൻഡ്യാ ബ്ലോക്ക് നേതാക്കൾ സമാനതകളില്ലാത്ത സമരം കാഴ്ചവെച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

