കേൾവി വൈകല്യമുള്ളവർക്ക് ആശ്വാസവുമായി സുതാര്യ മാസ്ക്
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം ചെറുക്കാൻ എല്ലാവരും മാസ്ക് ധരിച്ചതോടെ പ്രയാസത്തിലായ ചെറുവിഭാഗമുണ്ട് നമ്മുടെയിടയിൽ. ആളുകളുടെ ചുണ്ടനക്കം നോക്കി കാര്യങ്ങൾ മനസ്സിലാക്കുന്ന കേൾവി വൈകല്യമുള്ളവർ. പ്രിയപ്പെട്ടവരെല്ലാം വായും മൂക്കും മൂടിക്കെട്ടിയതോടെ ഇവരുടെ ആശയവിനിമയം തന്നെ നിലച്ചമട്ടാണ്. എന്നാൽ, ഈ പ്രയാസം പരിഹരിക്കാൻ ‘സുതാര്യ മാസ്കു’മായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈയിലെ ഒരു സന്നദ്ധ സംഘടന.
ഭക്ഷണം പാഴാക്കുന്നതിനെതിരെ പ്രവൃത്തിക്കുന്ന ‘നോ ഫുഡ് വേസ്റ്റ്’ എന്ന സംഘടനയാണ് ഈ ശ്രമത്തിനുപിന്നിൽ. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരിൽ ഈ മാസ്ക് പരീക്ഷിച്ചതായി സംഘടയുടെ പ്രതിനിധി എ.ജി. പദ്മനാഭൻ പറഞ്ഞു. ശ്രവണ വൈകല്യമുള്ളവരുടെ സംഘടനകൾക്കും സർക്കാരിനും ഇവർ സുതാര്യ മാസ്ക് നൽകിയിട്ടുണ്ട്. അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തി കൂടുതൽ ഉത്പാദനം നടത്തുമെന്നും പദ്മനാഭൻ പറഞ്ഞു.
തിരുച്ചി സ്വദേശിയായ മുഹമ്മദ് ഹക്കീമും സമാനമായ മാസ്ക് നിർമിച്ചിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്നതും പുനരുപയോഗിക്കാവുന്നതുമായ മുഖാവരണങ്ങളാണ് ഇദ്ദേഹം നിർമിച്ചത്. സർക്കാരിെൻറ അംഗീകാരം ലഭിച്ചാൽ 1,000 മാസ്കുകൾ നിർമിച്ച് ആവശ്യക്കാർക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് ഹക്കീം പറഞ്ഞു.
സുതാര്യ മാസ്കുകൾ ലഭ്യമാണോ എന്ന് ചോദിച്ച് കഴിഞ്ഞ ഏതാനും ആഴ്ചകളായി ശ്രവണ വൈകല്യമുള്ള നിരവധി പേർ തന്നെ സമീപിച്ചതായി ആംഗ്യഭാഷ പരിശീലകനായ എൻ. വിനോത്ത് പറഞ്ഞു. ചുണ്ടനക്കത്തെ ആശ്രയിച്ച് ആശയവിനിമയം നടത്തുന്ന നിരവധിപേരാണ് കോവിഡ് മൂലം പ്രയാസത്തിലായതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
