വിവാഹം ഭുവനേശ്വറിൽ, റിസപ്ഷൻ ഹുബ്ബള്ളിയിൽ; ഇൻഡിഗോ ചതിച്ചു; ഒടുവിൽ വെർച്വലായി സ്ക്രീനിലെത്തി ദമ്പതികൾ
text_fieldsഭുവനേശ്വർ: ഭുവനേശ്വറിൽ വച്ച് വിവാഹം നടത്തിയശേഷം കർണാടകയിലെ ഹുബ്ബള്ളിയിൽ റിസപ്ഷൻ നിശ്ചയിച്ച നവദമ്പതികൾ ഇൻഡിഗോ വിമാനം ചതിച്ചതോടെ ത്രിശങ്കുവിലായി. ഒടുവിൽ ഇവർ നേരിട്ടെത്താതെ വിവാഹ റിസപ്ഷൻ നടത്തേണ്ടിവന്നു.
ഇൻഡിഗോ വിമാനങ്ങൾ രാജ്യമെമ്പാടും കാൻസൽ ചെയ്യപ്പെട്ടതോടെ ഹതാശരായ ആയിരക്കണക്കിന് ആളുകളിൽ സ്വന്തം വിവാഹ റിസപ്ഷന് എത്താൻ കഴിയാതെപോയ ദമ്പതികളുടെ കഥ ഏറെ കൗതുകകരമായി. ഭുവനേശവർ സ്വദേശിയായ സംഗം ദാസും ഹുബ്ബള്ളി സ്വദേശിനിയായ മേഘ ക്ഷീരസാഗറുമായിരുന്നു ഇങ്ങനെ ഒരു അപൂർവ വിവാഹ റിസപ്ഷന്റെ ഇരകളായത്.
വരന്റെ നാട്ടിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. അതിനാൽ പെൺകുട്ടിയുടെ നാടായ ഹുബ്ബള്ളിയിൽ ഇവർ റിസപ്ഷൻ വെച്ചു. നവംബർ 23 നായിരുന്നു വിവാഹം. റിസപ്ഷൻ നടത്തിയത് ഡിസംബർ മൂന്നിനും. വധൂവരൻമാർ ബംഗളൂരുവിൽ ഐ.ടി പ്രൊഫഷണലുകളാണ്. നാട്ടിൽ ബന്ധുക്കൾ വിപുലമായ റിസപ്ഷനുള്ള എല്ലാ ഒരുക്കങ്ങളും നടത്തി. എന്നാൽ ആദ്യം ഇവരുടെ വിമാനം വൈകുന്നു എന്നായിരുന്നു അറിയിപ്പുവന്നത്.
എന്നാൽ അതേ ദിവസം വെളുപ്പിന് 4 മണിവരെ വിമാന സർവിസിനായി ഇരുവരും എയർപോർട്ടിൽ ഉറക്കമൊഴിച്ച് കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. ഒടുവിൽ അറിയിപ്പു വന്നു വിമാന സർവിസ് കാൻസൽ ആയി എന്ന്. പിന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ റിസപ്ഷൻ മാറ്റിവെക്കാനും കഴിയാത്ത സ്ഥിതിയായിരുന്നു കുടുംബത്തിന്. ഒടുവിൽ പെൺകുട്ടിയുടെ പിതാവ് അനിൽ ക്ഷീരസാഗര ആണ് വെർച്വലായി ദമ്പതികളെ വേദിയിലെത്തിച്ച് വ്യത്യസ്തമായി റിസപ്ഷൻ നടത്താൻ തീരുമാനിച്ചത്.
താൻ സ്ഥിരമായി നടത്താറുള്ള വെർച്വൽ മീറ്റിങ്ങുപോലെ വിവാഹ റിസപ്ഷനും നടത്താൻ അദ്ദേഹം തീരുമാനിക്കുകയും കുടുംബത്തെ അറിയിക്കുകയുമായിരുന്നു. ഇതിനായി വലിയ സ്ക്രീനും ഹൈസ്പീഡ് ഇൻറർനെറ്റും സംഘിപ്പിച്ചു. റിസപ്ഷനെത്തിയ എല്ലാവരും ആകെ വിഷമത്തിലായിരുന്നു. എന്നാൽ ഇങ്ങനെയൊരു പരിഹാരം കണ്ടെത്തിയത് എല്ലാവർക്കും ആശ്വാസമായി.
ലൈവായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ദമ്പതികളെ വന്നവർക്കെല്ലാം അനുഗ്രഹിക്കാനായി. എല്ലാവരോടും ആദ്യം തങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് പറഞ്ഞ് ധരിപ്പിച്ച് ക്ഷമചോദിക്കാനും ദമ്പതികൾ തയ്യാറായി. സ്ക്രീനിന് അടുത്തുനിന്നുതന്നെ എല്ലാവരും ഫോട്ടോ എടുക്കാനും മടിച്ചില്ല. പിന്നീട് മറ്റൊരു വാഹനത്തിൽ ദമ്പതികൾ ഹുബ്ബള്ളിയിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

