വിവാഹം പരാജയപ്പെടുന്നത് ജീവിതത്തിന്റെ അവസാനമല്ല; മുന്നോട്ട് പോകണമെന്ന് ദമ്പതികളോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിവാഹം പരാജയപ്പെടുന്നത് ജീവിതത്തിന്റെ അവസാനമല്ലെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. ദമ്പതികളുടെ വിവാഹമോചന ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചാണ് ജസ്റ്റിസ് അഭയ് ഓഖ ഉത്തരവിട്ടത്. ഇതിനൊപ്പം 2020 മെയ് മുതൽ ഇരുവരും പരസ്പരം നൽകിയ 17 ഹരജികളും കോടതി തീർപ്പാക്കി.
രണ്ട് പേരും ചെറുപ്പക്കാരാണ്. ഭാവിയെ കുറിച്ച് ചിന്തിക്കണം. വിവാഹം പരാജയപ്പെടുന്നത് ജീവിതത്തിന്റെ അവസാനമല്ല. പുതിയൊരു ജീവിതം തുടങ്ങാൻ ഇരുവരും ശ്രമിക്കണം. സമാധാനത്തോടെ പുതിയൊരു ജീവിതം തുടങ്ങാൻ ഇരുവരും ശ്രമിക്കണമെന്നും കോടതി വ്യക്തമാക്കി.
ഭർത്താവും ഭർതൃവീട്ടുകാരും തുടർച്ചയായി ഉപദ്രവിക്കുന്നുണ്ടെന്ന് ആരോപിച്ച് വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഭാര്യക്ക് വീടുവിട്ടിറങ്ങേണ്ടി വന്ന നിർഭാഗ്യകരമായ കേസുകളിൽ ഒന്നാണിതെന്ന് കോടതി വിശേഷിപ്പിച്ചു. ഇരുവരും തമ്മിലുള്ള കേസുകളിൽ വാദിക്കുന്നത് വ്യർത്ഥമാകുമെന്ന് കോടതി ഇവർക്ക് വേണ്ടി ഹാജരായ അഭിഭാഷകരെ ഉപദേശിച്ചു.
തുടർന്ന് ഇരുവരുടേയും അഭിഭാഷകർ ദമ്പതികൾക്ക് വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കൾ 142 പ്രകാരം വിവാഹമോചനം അനുവദിക്കണമെന്നാണ് അഭിഭാഷകർ ആവശ്യപ്പെട്ടത്. 2020ൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷം പെൺകുട്ടി ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിൽ വന്ന് താമസിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

