അഹ്മദാബാദിൽ ആകാശ ദുരന്തം എത്തുന്നത് രണ്ടാംതവണ; അന്ന് ജീവൻ നഷ്ടമായത് 164 പേർക്ക്
text_fieldsഅഹ്മദാബാദ്: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ, രാജ്യം കണ്ട ഏറ്റവും വലിയ വിമാനദുരന്തത്തിനാണ് ഇന്ന് ഗുജറാത്തിലെ അഹ്മദാബാദ് സാക്ഷ്യം വഹിച്ചത്. ഉച്ചക്ക് 1.17ന് സർദാർ വല്ലഭ്ഭായി പട്ടേൽ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകർന്നുവീണത്. ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനർ യാത്രാ വിമാനം മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു.
അഹ്മദാബാദിൽ ഇത് രണ്ടാംതവണയാണ് വിമാനാപകടം നടക്കുന്നത്. 1988 ഒക്ടോബർ 19നായിരുന്നു ഇതിനു മുമ്പ് അഹ്മദാബാദിൽ വിമാനം അപകടത്തിൽ പെട്ടത്. അന്ന് മുംബൈയിൽ നിന്ന് അഹ്മദാബാദിലേക്ക് പുറപ്പെട്ട ഇന്ത്യൻ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. ആ അപകടത്തിൽ 164പേർക്ക് ജീവൻ നഷ്ടമായി. വിമാനത്തിന്റെ കാലപ്പഴക്കമായിരുന്നു അപകട കാരണം.
65 വർഷത്തിനിടെ, രാജ്യത്ത് ഇതുവരെ 19 വിമാനാപകടങ്ങളാണ് സംഭവിച്ചത്. അതിൽ 1449 പേർക്ക് ജീവൻ നഷ്ടമായി.
രാജ്യത്തെ നടുക്കിയ പ്രധാന വിമാനാപകടങ്ങൾ:
2020 ആഗസ്റ്റ് 7 ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയര്‍ഇന്ത്യ ഐ.എക്‌സ് 344 ദുബൈ-കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 പേർ മരിച്ചു.
2011 മേയ് 26 ന് ഹരിയാനയിലെ ഹരീദാബാദില്‍ ചെറുവിമാനം തകര്‍ന്ന് 10 പേർ മരിച്ചു.
2010 മേയ് 22 ന് ദുബൈയിൽ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737-800 വിമാനം മംഗലാപുരം ബജ്‌പേ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ കൊക്കയിലേക്ക് വീണ് തീപിടിച്ച് 158 പേര്‍ മരിച്ചു.
2000 ജൂലായ് 17ന് പട്‌ന വിമാനത്താവളത്തിനടുത്ത് അലയന്‍സ് എയറിന്റെ ബോയിങ് വിമാനം തകര്‍ന്ന് വീണ് 56 പേർ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

