ചെന്നൈ: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ തുടരുന്ന പ്രക്ഷോഭം വിജയിക്കുകതന്നെ ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരാകും. തന്‍റെ വാക്കുകൾ കുറിച്ചുവെച്ചോളൂവെന്നും രാഹുൽ മധുരയിൽ പറഞ്ഞു.
വ്യാഴാഴ്ച ഡൽഹിയിൽ നിന്ന് തമിഴ്നാട്ടിലെ മധുരയിലെത്തിയ രാഹുൽ ജെല്ലിക്കെട്ട് മത്സരം കണ്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ തയാറെടുപ്പുകൾ വിലയിരുത്താനായാണ് രാഹുൽ തമിഴ്നാട്ടിലെത്തിയത്.
Mark my words, the Govt will have to take back the anti-farm laws. pic.twitter.com/zLVUijF8xN
— Rahul Gandhi (@RahulGandhi) January 14, 2021
ബഹുരാഷ്ട്ര കമ്പനികൾക്ക് ഗുണകരമാകുന്നതാണ് കാർഷിക നിയമമെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ കർഷകരെ അവഗണിക്കുക മാത്രമല്ല ചെയ്യുന്നത്. കേന്ദ്രത്തിന്‍റെ രണ്ടോ മൂന്നോ ചങ്ങാതിമാർക്ക് വേണ്ടി കർഷകരെയും പ്രക്ഷോഭത്തെയും തകർക്കാൻ ഗൂഢാലോചന നടത്തുകയാണ്. കർഷകരുടേതായിട്ടുള്ളതെല്ലാം കുത്തകകൾക്ക് നൽകാനാണ് നീക്കം. ഇപ്പോൾ നടക്കുന്നതിനെ അവഗണനയെന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല -രാഹുൽ ചൂണ്ടിക്കാട്ടി.