യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിൽ; മോദിയുമായി കൂടിക്കാഴ്ച നടത്തും
text_fieldsന്യൂഡൽഹി: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ശനിയാഴ്ച രാവിലെ കൊൽക്കത്തയിൽ വിമാനമിറങ്ങിയ അദ്ദേഹം, പദവിയിലെത്തിയ ശേഷമുള്ള തന്റെ ആദ്യ ഇന്ത്യൻ പര്യടനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
ഡോണൾഡ് ട്രംപ് ഭരണകൂടത്തിലെ ഏറ്റവും നിർണായക വ്യക്തിത്വങ്ങളിലൊരാളായ റൂബിയോ, സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് അംബാസഡർ സെർജിയോ ഗോർ അറിയിച്ചു.
പ്രധാനമന്ത്രിക്ക് പുറമെ ഞായറാഴ്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുടർന്ന് ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലും പങ്കെടുക്കും. ഔദ്യോഗിക ചർച്ചകൾക്ക് പുറമെ ആഗ്ര, ജയ്പൂർ എന്നീ നഗരങ്ങളും അദ്ദേഹം സന്ദർശിക്കുമെന്നാണ് വിവരം.
ഇന്ത്യയുമായി ചേർന്ന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അവർ മികച്ചൊരു സഖ്യകക്ഷിയും പങ്കാളിയുമാണ്. ഞങ്ങൾ ഒന്നിച്ച് ഒട്ടനവധി നല്ല പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്, അതുകൊണ്ടുതന്നെ ഇത് വളരെ പ്രധാനപ്പെട്ടൊരു സന്ദർശനമാണെന്ന് ഇന്ത്യയിലേക്ക് തിരിക്കും മുൻപ് വെള്ളിയാഴ്ച മാർക്കോ റൂബിയോ മാധ്യമങ്ങളോട് പറഞ്ഞു.
നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് ഈ സന്ദർശനത്തെ നയതന്ത്ര ലോകം വീക്ഷിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ വിവിധ വിഷയങ്ങൾ ഇടംപിടിക്കും നിലവിലെ യുഎസ്-ഇറാൻ യുദ്ധവും അത് ആഗോള സാമ്പത്തിക മേഖലയിലും ഊർജ വിതരണത്തിലുംവരുത്തുന്ന ആഘാതങ്ങളും ചർച്ചയാകും. ഇന്ത്യക്ക് മേൽ യു.എസ് ഏർപ്പെടുത്തിയ പുതിയ വ്യാപാര നികുതികളെ ചൊല്ലി സമീപകാലത്തുണ്ടായ അസ്വാരസ്യങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകും.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തിപരമായി വലിയ പ്രാധാന്യം നൽകുന്ന ഒന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം. സമീപകാലത്തുണ്ടായ ചില നയതന്ത്ര അസ്വാരസ്യങ്ങൾക്ക് വിരാമമിട്ട്, ഇന്ത്യ-യുഎസ് പങ്കാളിത്തം കൂടുതൽ ശക്തമായ അടിത്തറയിലേക്ക് തിരികെ കൊണ്ടുവരാൻ റൂബിയോയുടെ ഈ സന്ദർശനം വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

