അടിച്ചമർത്തിയിട്ടും പിന്തിരിയാതെ സി.ജെ.പി; മാർച്ച് ഇന്നും തുടരും
text_fieldsന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പാർലമെന്റ് മാർച്ചും പ്രതിഷേധവും ഇന്നും തുടരുമെന്ന് അഭിജിത്ത് ദിപ്കെ അറിയിച്ചു. ഇന്നലെ രാത്രി വൈകി ജന്തർ മന്തറിലും പരിസരത്തുമുള്ള സമരകേന്ദ്രങ്ങൾ സന്ദർശിച്ച് പ്രക്ഷോഭകരോടും പൊലീസോടും സംസാരിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച രാവും പകവും നീണ്ട പ്രതിഷേധത്തിനും സംഘർഷത്തിനുമിടെ ഡൽഹി പൊലീസ് സമരവേദി നീക്കം ചെയ്തിരുന്നുവെങ്കിലും, പ്രക്ഷോഭകർ ജന്തർ മന്തറിൽ തിരിച്ചെത്തി ടെന്റും താൽക്കാലിക വേദിയും നിർമ്മിച്ചു.
ചൊവ്വാഴ്ചയും മാർച്ച് തുടരുമോ എന്ന ചോദ്യത്തിന്, "ഞങ്ങൾ വീണ്ടും മാർച്ച് ചെയ്യും. ഞങ്ങൾ ഈ സമരസ്ഥലം വിട്ടുപോകില്ല" എന്നായിരുന്നു ദിപ്കെയുടെ മറുപടി. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച, സി.ബി.എസ്.ഇ പുനർമൂല്യനിർണയത്തിലെ അപാകതകൾ എന്നിവയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കുന്നത് വരെ സമരം തുടരുമെന്നും സി.ജെ.പി വ്യക്തമാക്കി.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായിരുന്നു തിങ്കളാഴ്ച. സി.ജെ.പി ആഹ്വാനം ചെയ്ത "സൻസാദ് ചലോ" പാർലമെന്റ് മാർച്ചിന് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ആയിരക്കണക്കിന് പേർ എത്തിയിരുന്നു.
മാർച്ചിന് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് നീങ്ങുന്ന വിദ്യാർഥികൾക്കു നേരെ പൊലീസ് ലാത്തി വീശിയതോടെ പ്രതിഷേധം സംഘർഷത്തിലേക്കു നീങ്ങുകയായിരുന്നു. സമരക്കാർ പാർലമെന്റിന് അടുത്തെത്തിയതോടെ പൊലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ ഇൻറർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കപ്പെട്ടിരുന്നു.
ഇതിനിടെ പ്രക്ഷോഭകർക്കും പൊലീസുകാർക്കും പരിക്കേറ്റു. പൊലീസ് നടപടിയെയും മഴയെയും അതിജീവിച്ച് സമരം രാത്രിവൈകിയും പ്രക്ഷുബ്ധമായി തുടർന്നു.സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോൺ വീഡിയോകളും പരിശോധിക്കാനും അക്രമം വലിയ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അന്വേഷിക്കാനും തുടങ്ങിയതായി ഡൽഹി പൊലീസ് അറിയിച്ചു.അവസാനം സി.ജെ.പിയുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറായെങ്കിലും സമരക്കാരുടെ ആവശ്യങ്ങളോട് മുഖംതിരിക്കുകയായിരുന്നു. ഇന്നും സമരം തുടരുമെന്ന് പ്രഖ്യാപിച്ചതോടെ പൊലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ജൂൺ 20-നാണ് ജന്തർ മന്തറിൽ സി.ജെ.പി സമരം തുടങ്ങിയത്. ജൂൺ 28 മുതൽ സോനം വാങ്ചുക്കും നിരാഹാര സമരം തുടങ്ങി. സമരം തുടർന്നതോടെ സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും, സമരത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്തതോടെ ജൂലൈ 18-ന് ഡൽഹി പൊലീസ് നാടകീയ നീക്കത്തിലൂടെ അദ്ദേഹത്തെ സമരപ്പന്തലിൽ നിന്ന് ആശുപത്രിയിലേക്ക് നീക്കി. എന്നാൽ ആശുപത്രിയിലും അദ്ദേഹം സമരം തുടരുകയാണ്. വാങ്ചുക്കിന്‍റെ അറസ്റ്റിനു പിന്നാലെ അഭിജിത് ദീപ്കെ സമര വേദിയിൽ നിരാഹാരം സമരം ആരംഭിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

