‘ദില്ലി ചലോ’ മാർച്ചിന് ഇന്ന് തുടക്കം; കാൽനടയായി എത്തുക 101 കർഷകർ
text_fieldsന്യൂഡൽഹി: പഞ്ചാബിൽ നിന്നുള്ള കർഷകരുടെ ഡൽഹി ചലോ മാർച്ചിന് ഇന്ന് തുടക്കം. പഞ്ചാബ്–ഹരിയാന അതിർത്തിയായ ശംഭുവിൽ നിന്ന് 101 കർഷകർ കൽനടയായാണ് ഡൽഹിയിലേക്ക് ജാഥ നടത്തുക. സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണു ഡൽഹിയിലേക്ക് ജാഥ നടത്തുന്നത്. മിനിമം താങ്ങുവില ഏർപ്പെടുത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് മാർച്ച്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മാർച്ച് ആരംഭിക്കുകയെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് സർവാൻ സിങ് പാന്ധേർ അറിയിച്ചു. സമാധാനപരമായാണ് ജാഥ നടക്കുക. സമരത്തെ എങ്ങനെ നേരിടണമെന്നു സർക്കാരിനു തീരുമാനിക്കാമെന്നും സർവാൻ സിങ് പാന്ധേർ വ്യക്തമാക്കി. പൊലീസ് തടഞ്ഞതിനെ തുടർന്ന് ഹരിയാനയ്ക്ക് സമീപം ശംഭു, ഖനൗരി അതിർത്തികളിൽ ഫെബ്രുവരി 13 മുതൽ കർഷകർ കുത്തിയിരുന്നു സമരം ചെയ്യുകയാണ്.
അതേസമയം മാർച്ചിന് ഹരിയാന സർക്കാർ അനുമതി നൽകിയിട്ടില്ല. കർഷക റാലി മുൻനിർത്തി ഹരിയാന അംബാലയിൽ ബി.എൻ.എസ്.എസ് 163 പ്രഖ്യാപിച്ചു. പഞ്ചാബ്–ഹരിയാന അതിർത്തിയിൽ ബാരിക്കേഡ് സ്ഥാപിക്കുകയും അർദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തു. ഏതു സാഹചര്യത്തെയും നേരിടാൻ തയാറാണെന്ന് പൊലീസ് അറിയിച്ചു. ഡൽഹി പൊലീസിന്റെ അനുമതിയില്ലാതെ മാർച്ച് നടത്തരുതെന്ന് ഹരിയാന സർക്കാർ കർഷക സംഘടനകളോട് അഭ്യർഥിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

