മറാത്ത സംവരണം: മഹാരാഷ്ട്രയിൽ എൻ.സി.പി ഓഫീസിന് പ്രക്ഷോഭകർ തീയിട്ടു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ സംവരണം ആവശ്യപ്പെട്ടുള്ള മറാത്ത സമുദായക്കാരുടെ സമരത്തെ തുടർന്നുള്ള സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) ഓഫീസ് പ്രക്ഷോഭകർ തീയിട്ടു. മഹാരാഷ്ട്ര ബീഡ് സിറ്റിയിലാണ് സംഭവം. എൻ.സി.പി ഓഫീസിൽ നിന്ന് തീയും പുകയും ഉയരുന്നതിന്‍റെ ദൃശ്യങ്ങൾ വാർത്താ ഏജൻസി എ.എൻ.ഐ പുറത്തുവിട്ടു.
കഴിഞ്ഞ ദിവസം എൻ.സി.പി വിമത എം.എൽ.എ പ്രകാശ് സോലങ്കേ, ഷിൻഡെ പക്ഷ എം.എൽ.എ ജയ്ദത്ത് ക്ഷീർ സാഗർ, പവാർ പക്ഷ എം.എൽ.എ സന്ദീപ് ക്ഷീർസാഗർ എന്നിവരുടെ വീടുകളും വാഹനങ്ങളും പ്രക്ഷോഭകർ അഗ്നിക്കിരയാക്കിയിരുന്നു. ക്ഷീർ സാഗർമാരുടെ വിദ്യാഭ്യാസ സ്ഥാപനത്തിനും തീയിട്ടു. ബി.ജെ.പി എം.എൽ.എ പ്രശാന്ത് ബാമ്പിന്റെ ഔറംഗാബാദിലെ ഓഫിസിന് നേരെയും പ്രക്ഷോഭകർ ആക്രമണം നടത്തി.
മറാത്ത സംവരണത്തിനായി ഉപവസിക്കുന്ന മനോജ് ജാരൻഗെ പാട്ടീലിനെതിരായ പ്രകാശ് സോളങ്കേയുടെ പരാമർശമാണ് പ്രക്ഷോഭകരെ പ്രകോപിപ്പിച്ചത്. പാർട്ടിഭേദമന്യേ രാഷ്ട്രീയനേതാക്കളെ ബഹിഷ്കരിക്കാൻ ഗ്രാമങ്ങൾ പ്രമേയം പാസാക്കി.
സംവരണം നടപ്പാക്കും വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് മനോജ് ജാരൻഗെ പാട്ടീലിന്റെ നിലപാട്. സംവരണം നടപ്പാക്കാൻ 41 ദിവസം സമയം നൽകിയ ജാരൻഗെ പാട്ടീൽ ഉപവാസം പിൻവലിച്ചിരുന്നു. എന്നാൽ, ബി.ജെ.പി-ഷിൻഡെ സർക്കാർ വാക്കുപാലിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ജൽനയിൽ വീണ്ടും ഉപവാസം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

