മറാത്ത സംവരണം; ജൽനയിൽ സംഘർഷം
text_fieldsമുംബൈ: സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ജൽനയിൽ മറാത്ത സമുദായം നടത്തിവന്ന ഉപവാസ സമരം സംഘർഷത്തിൽ കലാശിച്ചു.
വെള്ളിയാഴ്ച സമരക്കാർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തതോടെയാണ് സംഘർഷമുണ്ടായത്. ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ശനിയാഴ്ച ഏഴോളം ജില്ലകളിൽ മറാത്ത സമുദായക്കാർ ബന്ദ് നടത്തി. ജൽനയിൽ വാഹനങ്ങൾക്ക് തീയിട്ടു. സമരക്കാർ കല്ലെറിഞ്ഞതോടെയാണ് ലാത്തിച്ചാർജ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രകോപനമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്ന് സ്ഥലം സന്ദർശിച്ച എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.
മനുഷ്യത്വരഹിതമായ നടപടിയാണെന്നും സംസ്ഥാനത്തും ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുൻ മുഖ്യമന്ത്രിയും ശിവസേന (യു.ബി.ടി) അധ്യക്ഷനുമായ ഉദ്ധവ് താക്കറെയും ജൽനയിലെത്തി ലാത്തിച്ചാർജിൽ പരിക്കേറ്റവരെ കണ്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അന്വേഷണത്തിന് ഉത്തരവിട്ടു. ആഭ്യന്തരം കൈയാളുന്ന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മറാത്ത ചക്രവർത്തി ശിവജിയുടെ പിന്മുറക്കാരനും ബി.ജെ.പി എം.പിയുമായ ഉദയൻരാജെ ഭോസ്ലെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. 300ലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തു. 40ഓളം പൊലീസുകാർക്കും 100ഓളം സമരക്കാർക്കും പരിക്കേറ്റതായി പൊലീസും സമരക്കാരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

