മറാത്ത സംവരണം; അനിശ്ചിതകാല നിരാഹാരവുമായി മനോജ് ജാരംഗേ
text_fieldsമുംബൈ: മറാത്ത സംവരണ പ്രക്ഷോഭം മുംബൈയിലേക്കും വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനവുമായി സമരനായകൻ മനോജ് ജാരംഗേ പാട്ടീൽ. സംസ്ഥാന വ്യാപക പ്രതിഷേധം ആരംഭിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 19 മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. മറാത്ത സമുദായത്തെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം ഉറപ്പാക്കണമെന്ന ആവശ്യവുമായാണ് മനോജ് ജാരംഗേയും അനുയായികളും പ്രക്ഷോഭങ്ങൾ വീണ്ടും സജീവമാക്കുന്നത്. പ്രവർത്തകർക്കൊപ്പം മുംബൈയിലേക്ക് മാർച്ച് ചെയ്ത് എത്തിയാവും ആസാദ് മൈതാനത്ത് നിരാഹാര സമരം ആരംഭിക്കുന്നതെന്ന് മനോജ് ജാരംഗെ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മറാത്ത സമുദായത്തിന് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സംവരണം ഉറപ്പാക്കുന്നത് വരെ സമാധാനപരമായ സമരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2023ൽ ആദ്യമായി നിരാഹാര സമരവുമായി മറാത്ത സംവരണ പ്രക്ഷോഭ മുന്നണിയിലേക്ക് വന്ന മനോജ് ജാരംഗേ നിരവധി തവണ സർക്കാറിനെ പ്രതിസന്ധിയിലാക്കിയ സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
അതിനിടെ, സമരം തടയാനുള്ള തിരക്കിട്ട നീക്കവുമായി സർക്കാർ ബോംബെ ഹൈകോടതിയെ സമീപിച്ചെങ്കിലും പ്രതിഷേധിക്കാനുള്ള അവകാശത്തിൽ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുന്ന കുൻബി സമുദായത്തിന് നൽകുന്ന സംവരണം മറാത്തകൾക്കും അനുവദിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

