ടെലിഫോൺ എക്സ്ചേഞ്ച് കുംഭകോണം; പുനർവിചാരണ റദ്ദാക്കണമെന്ന് മാരൻ സഹോദരന്മാർ
text_fieldsചെന്നൈ: ടെലിഫോൺ എക്സ്ചേഞ്ച് കുംഭകോണ കേസിെൻറ പുനർവിചാരണ റദ്ദാക്കണമെന്നാവശ്യെപ്പട്ട് കേസിലെ മുഖ്യപ്രതികളായ മുൻ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ ദയാനിധി മാരൻ, സഹോദരൻ കലാനിധി മാരൻ എന്നിവർ മദ്രാസ് ഹൈകോടതിയിൽ പ്രത്യേക ഹരജി സമർപ്പിച്ചു.
തങ്ങളുടെ പേരിൽ സി.ബി.െഎ ചുമത്തിയ കുറ്റാരോപണം തള്ളണമെന്നാണ് ആവശ്യം. ഒരു കേന്ദ്രമന്ത്രി കൂടുതൽ ടെലിഫോൺ കണക്ഷനുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെന്നും പ്രസ്തുത ടെലിഫോൺ കണക്ഷനുകൾ തെൻറ സഹോദരൻ കലാനിധി മാരെൻറ ഉടമസ്ഥതയിലുള്ള സൺനെറ്റ്വർക്കിനു വേണ്ടി അവിഹിതമായി ഉപയോഗപ്പെടുത്തിയതിന് തെളിവില്ലെന്നും ദയാനിധി മാരൻ ഹരജിയിൽ ബോധിപ്പിച്ചു. കേസ് ഒക്ടോബർ മൂന്നിലേക്ക് മാറ്റി.
മാരൻ സഹോദരന്മാർ ഉൾപ്പെടെ ഏഴു പ്രതികൾക്കെതിരെ സി.ബി.െഎ പ്രത്യേക കോടതിയിൽ പുനർ വിചാരണയുടെ ഭാഗമായി കുറ്റം ചുമത്തപ്പെട്ട സാഹചര്യത്തിലാണ് പുതിയ ഹരജി.
2004 ജൂണിനും 2006 ഡിസംബറിനും ഇടയിലുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. യു.പി.എ സർക്കാറിൽ കമ്യൂണിേക്കഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രിയായിരുന്ന ദയാനിധി മാരൻ അധികാരം ദുരുപയോഗപ്പെടുത്തി ചെന്നൈയിലെ ഗോപാലപുരത്തും ബോട്ട് ക്ലബിലും 323 െഎ.എസ്.ഡി.എൻ ലൈനുകളോടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിച്ചുവെന്നാണ് കേസ്.