തലയ്ക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച മാവോവാദി നേതാവ് മല്ലാജുല വേണുഗോപാൽ റാവുവും അറുപതംഗ സംഘവും കീഴടങ്ങി
text_fieldsമല്ലാജുല വേണുഗോപാൽ റാവു
മഹാരാഷ്ട്ര: കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് മല്ലാജുല വേണുഗോപാൽ റാവു അഥവാ സോനു തന്റെ 60 കൂട്ടാളികൾക്കൊപ്പം മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ കീഴടങ്ങിയതോടെ നക്സലിസത്തിനെതിരെ വലിയം വിജയം നേടിയിരിക്കുകയാണ്. തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോവാദി നേതാവാണ് സോനു എന്ന വേണുഗോപാൽ റാവു. ഇതോടെ അബുജ്മദിലെ മാവോവാദി പ്രസ്ഥാനത്തിന്റെ നട്ടെല്ലൊടിഞ്ഞ അവസ്‍ഥയാണ്.
സി.പി.ഐ-മാവോയിസ്റ്റ് പൊളിറ്റ്ബ്യൂറോ അംഗം മല്ലാജുല വേണുഗോപാൽ റാവു അഥവാ സോനു ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ 60 മാവോയിസ്റ്റ് അംഗങ്ങളോടൊപ്പം ആയുധംവെച്ച് കീഴടങ്ങിയത് സി.പി.ഐ-മാവോയിസ്റ്റിന് വലിയ തിരിച്ചടിയാണ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും രാജ്യത്തുടനീളമുള്ള സംസ്ഥാന സർക്കാറുകളുടെയും നേതൃത്വത്തിൽ നടന്ന തുടർച്ചയായ പൊലീസ് ഓപറേഷനുകളുടെ ഫലമാണിത്.
തന്റെ മൂത്ത സഹോദരൻ, ഉന്നത മാവോയിസ്റ്റ് നേതാവ് കിഷൻജിയുടെ മരണശേഷം, പശ്ചിമ ബംഗാളിൽ, ലാൽഗഡ് പ്രക്ഷോഭത്തിൽ, ഓപറേഷൻ ഗ്രീൻ ഹണ്ടിനെതിരെ സി.പി.ഐ (മാവോയിസ്റ്റ്) നടത്തിയ സായുധ പ്രതിരോധത്തിന്റെ ചുമതല വേണുഗോപാൽ ഏറ്റെടുത്തിരുന്നു. വർഷങ്ങളായി, മാവോയിസ്റ്റ് ശ്രേണിയിലെ ഒരു പ്രധാനിയും യുദ്ധതന്ത്രജ്ഞനുമായിരുന്നു. പ്രധാനമായും മധ്യ ഇന്ത്യയിലെ ഇടതൂർന്ന വനങ്ങളിൽ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും പ്രവർത്തിച്ചിരുന്നു.
സെപ്റ്റംബറിൽ, സോനു കീഴടങ്ങൽ പ്രഖ്യാപിച്ച് ഒരു വാർത്തക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഛത്തീസ്ഗഢിലെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും ഒരു വലിയ വിഭാഗം മാവോയിസ്റ്റുകൾ അദ്ദേഹത്തിന് പിന്തുണ അറിയിച്ചു. പൊലീസ് വിവരങ്ങൾ അനുസരിച്ച്, സി.പി.ഐ (മാവോയിസ്റ്റ്) യുടെ നോർത്ത് സബ്-റീജനൽ, വെസ്റ്റ് സബ്-റീജനൽ ബ്യൂറോകളിൽ നിന്ന് സോനുവിന് പിന്തുണ ലഭിച്ചു, അവർ ഇപ്പോൾ മുഖ്യധാരയിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കുപ്രസിദ്ധ നക്സലൈറ്റ് സോനു ആഗസ്റ്റ് 15 ന് വെടിനിർത്തലിന് തയാറാണെന്ന് അവകാശപ്പെട്ട് വാമൊഴിയായും രേഖാമൂലവും പ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ആഴ്ച, തെലങ്കാന സ്വദേശിയായ സോനു എന്ന വേണുഗോപാൽ റാവു സംഘടനയിൽനിന്ന് രാജിവെച്ചതായും സഹ കേഡർമാരോട് സ്വയം സംരക്ഷിക്കാനും ത്യാഗങ്ങൾ ഒഴിവാക്കാനും അഭ്യർഥിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
നക്സലൈറ്റുകൾക്കെതിരെ സുരക്ഷസേന നടപടി തുടരുകയാണ്. നേരത്തെ, ഛത്തീസ്ഗഢിലെ ബിജാപുർ ജില്ലയിലെ ബസഗുഡ പൊലീസ് സ്റ്റേഷൻ പ്രദേശത്ത്, സുരക്ഷ സേന എട്ട് മാവോവാദികളെ അറസ്റ്റ് ചെയ്തു. മൂന്നുപേരുടെ തലക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ടിഫിൻ ബോംബുകൾ, ഡിറ്റണേറ്ററുകൾ, സുരക്ഷാ ഫ്യൂസുകൾ, കാർഡെക്സ് വയർ, ബാറ്ററികൾ, ഇലക്ട്രിക്കൽ വയറുകൾ, കുഴിക്കൽ ഉപകരണങ്ങൾ, സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ ലഘുലേഖകൾ, ബാനറുകൾ എന്നിവ അറസ്റ്റിലായ മാവോവാദികളിൽ നിന്ന് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

