റായ്പുർ: ഛത്തിസ്ഗഢിലെ ദന്തേവാഡയിൽ പൊലീസുകാർ സഞ്ചരിച്ച വാഹനം മാവോവാദികൾ ബോംബുവെച്ചു തകർത്തു. ഏഴു പൊലീസുകാർ കൊല്ലപ്പെട്ടു. റോഡ് നിർമാണത്തിന് സാമഗ്രികളുമായി പോയ വാഹനത്തിന് അകമ്പടി നൽകിയ വാഹനമാണ് ചോൽനറിനു സമീപം ഞായറാഴ്ച ഉച്ച 12 മണിയോടെ ആക്രമിക്കപ്പെട്ടത്. ഛത്തിസ്ഗഢ് സായുധസേനയിലെയും ജില്ല സേനയിലെയും അംഗങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്.
അഞ്ചു പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിയിലും ഒരാൾ ആശുപത്രിയിൽ ചികിൽസയിലിരിക്കെയുമാണ് മരിച്ചത്. രാംകുമാർ യാദവ്, തികേശ്വർ ധ്രുവ്, ഷാലിക് റാം സിൻഹ, വിക്രം യാദവ്, രാജേഷ് കുമാർ, രവിനാഥ് പേട്ടൽ, അർജുൻ രാജ്ഭർ എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ശക്തമായ സ്േഫാടനത്തിൽ വാഹനത്തിലുണ്ടായിരുന്നവരുടെ ശരീരഭാഗങ്ങൾ 500 മീറ്റർ പരിധിയിൽ ചിതറിത്തെറിച്ചു. വാഹനം രണ്ടായി മുറിഞ്ഞു. ഇതിലുണ്ടായിരുന്ന ആയുധങ്ങൾ നക്സലുകൾ കടത്തിക്കൊണ്ടു പോയി.
മുഖ്യമന്ത്രി രമൺ സിങ് നയിക്കുന്ന വികാസ് യാത്രക്ക് സ്ഫോടനം നടന്നതിനു സമീപത്തെ ബച്ചേലിയിൽ അടുത്ത ദിവസം സ്വീകരണം നൽകാനിരിക്കെയാണ് സർക്കാറിനെ ഞെട്ടിച്ച് വൻ മാവോവാദി ആക്രമണം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിെൻറ സംസ്ഥാന സന്ദർശനം നടക്കേണ്ട ദിവസത്തിലാണ് സ്േഫാടനമെന്നതും ശ്രദ്ധേയമാണ്.
അക്രമികൾക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് രമൺ സിങ് മുന്നറിയിപ്പ് നൽകി.
ദന്തേവാഡയിൽ കിറാൻഡുലിനും പാൽനറിനുമിടയിലാണ് റോഡ് നിർമിക്കുന്നത്. ഇവിടേക്കാണ് സാമഗ്രികൾ കൊണ്ടുപോയിരുന്നത്. ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ പ്രദേശത്തെ സുരക്ഷസേനയുടെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. മാവോവാദിസാന്നിധ്യം ശക്തമായ ദന്തേവാഡയിൽ സുരക്ഷസേനക്കെതിരെ നേരേത്തയുണ്ടായ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്.