യു.പി പൊലീസ് നിരപരാധികളെ അറസ്റ്റ് ചെയ്യുന്നു -ഉത്തരാഖണ്ഡ് അഡീഷണൽ ചീഫ് സെക്രട്ടറി
text_fieldsഡെറാഡൂൺ: യു.പി പൊലീസും ഉത്തരാഖണ്ഡ് അഡീഷണൽ ചീഫ് സെക്രട്ടറിയും തമ്മിൽ വാക് പോര്. മണൽ മാഫിയ തലവന് വേണ്ടിയുള്ള തിരച്ചിലിനിടെ യു.പി പൊലീസിന്റെ വെടിയേറ്റ് ഉത്തരാഖണ്ഡ് ബി.ജെ.പി നേതാവിന്റെ ഭാര്യ മരിച്ച സംഭവത്തെ തുടർന്നാണ് തർക്കം.
കഴിഞ്ഞ ദിവസം വാർത്താസമ്മേളനം വിളിച്ച ഉത്തരാഖണ്ഡ് അഡീഷണൽ ചീഫ് സെക്രട്ടറി രാധാ റാത്തൂരി, കുറ്റകൃത്യങ്ങൾ ശരിയായ രീതിയിൽ അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തുകയാണ് വേണ്ടതെന്നും നിരപരാധികളെ ശിക്ഷിക്കരുതെന്നും പറഞ്ഞു. 'പലതവണ യു.പി പൊലീസ് നിരപരാധികളെ പിടികൂടി അവർ കുറ്റവാളികളാണെന്ന് ആരോപിച്ചു. എന്നാൽ അങ്ങനെയായിരുന്നില്ല. ഒരു നിരപരാധിയെ പിടികൂടിയാൽ, 99 കുറ്റവാളികൾ ഉണ്ടാകുന്നതിന് കാരണമാകും' -റാത്തൂരി പറഞ്ഞു.
എന്നാൽ കാര്യങ്ങളറിയാതെ നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തുകയാണ് ഉത്തരാഖണ്ഡ് അഡീഷണൽ ചീഫ് സെക്രട്ടറിയെന്ന് യു.പി പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പിയെ കുറിച്ചുള്ള ഇത്തരം പരാമർശങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഈ പ്രസ്താവന ഖേദകരമാണ്, വസ്തുതകളെ അടിസ്ഥാനമാക്കിയല്ല. കോടതികൾ ശിക്ഷിച്ച മുക്താർ അൻസാരിയും വിജയ് മിശ്രയും നിരപരാധികളാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് തോന്നുന്നുണ്ടോ? ഉദ്ദം സിങ് നഗറിലെ സീനിയർ ബ്ലോക്ക് തലവനും ഒളിവിൽ കഴിയുന്ന ഖനന മാഫിയ നേതാവുമായ സഫർ നിരപരാധിയാണെന്ന് തോന്നുന്നുണ്ടോ? യു.പി പൊലീസ് സംസ്ഥാനത്തെ ക്രിമിനലുകൾക്കെതിരെയും പി.എഫ്.ഐക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നുണ്ട്. ഈ പ്രസ്താവന ദൗർഭാഗ്യകരമാണ്' -അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ പ്രതിഷേധം വന്നതോടെ രാധാ റത്തൂരി പരാമർശം തിരുത്തി. 'കുറ്റകൃത്യങ്ങൾ ശരിയായി അന്വേഷിക്കണം. കുറ്റവാളികൾ മാത്രമേ ശിക്ഷിക്കപ്പെടാവൂ. നിരപരാധികൾ ശിക്ഷിക്കപ്പെടാൻ ഇടയാകരുത്. എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് നന്നായി പ്രവർത്തിക്കുന്നു. ഉത്തർപ്രദേശ്- ഉത്തരാഖണ്ഡ് പൊലീസ് സേനകൾ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിന് പലപ്പോഴും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്' എന്നാണ് താൻ പറഞ്ഞതെന്നയിരുന്നു റാത്തൂരിയുടെ വിശദീകരണം.
ദിവസങ്ങൾക്കുമുമ്പ് നടത്തിയ റെയ്ഡ് പരാജയപ്പെട്ടതിന്റെ പേരിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് പൊലീസ് തമ്മിൽ സംഘർഷത്തിലാണ്. മണൽ മാഫിയ തലവൻ സഫറിനെയും കൂട്ടാളികളെയും ഒക്‌ടോബർ 12ന് രാത്രി ഉത്തരാഖണ്ഡിലെ ഉദ്ദം സിങ് നഗർ ജില്ലയിലെ ഭരത്പൂർ ഗ്രാമത്തിൽ നിന്ന് പിടികൂടാൻ യു.പി പൊലീസ് ശ്രമിച്ചെങ്കിലും പൊലീസും ഗ്രാമവാസികളും തമ്മിൽ സംഘർഷമുണ്ടാവുകയും അതിൽ പ്രാദേശിക ബി.ജെ.പി നേതാവിന്റെ ഭാര്യ കൊല്ലപ്പെടുകയും നാല് യു.പി പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭരത്പൂരിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥരെ ഗ്രാമവാസികൾ ബന്ദികളാക്കിയിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് ഇവരെ മോചിപ്പിച്ചത്.
യു.പി പൊലീസ് മണൽ മാഫിയയെ പിടികൂടാനെത്തുന്ന വിവരം ഉത്തരാഖണ്ഡ് പൊലീസിനെ മുൻകൂട്ടി അറിയിച്ചില്ലെന്ന് ഉദ്ദം സിങ് നഗർ സീനിയർ പൊലീസ് സൂപ്രണ്ട് പരാതിപ്പെട്ടിരുന്നു. യു.പിയിലെ മൊറാദാബാദിൽ നിന്നാണ് സഫറിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

