ത്രിപുരയിൽ അപാർട്ട്മെന്റിൽ വൻ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്, അന്വേഷണം ആരംഭിച്ചു
text_fieldsഅഗർത്തല: ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിലെ ഒരു അപാർട്ട്മെന്റിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്. നഗരത്തിലെ രാംനഗർ റോഡിലെ സങ്കട് ചൗമുഹാനിക്ക് സമീപത്തെ എൻ.എസ് അപാർട്ട്മെന്റിന്റെ ഒന്നാം നിലയിൽ ബുധനാഴ്ച ഉച്ച 12 മണിയോടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ കെട്ടിടത്തിന് കാര്യമായ കേടുപാടുകളും സംഭവിച്ചു.
സ്ഫോടന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ്, അഗ്നിരക്ഷാസേന, ബോംബ് സ്‌ക്വാഡ്, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും പരിശോധനയും ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഒരു സ്ത്രീയുടെ കണ്ണിന് സമീപം ഗ്ലാസ് ചില്ലുകൾ തട്ടി ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കൂടാതെ മറ്റൊരു യുവാവിനും സാരമായ പരിക്കേറ്റതായാണ് വിവരം.
സ്ഫോടനത്തിന്റെ ആഘാതത്തിൽ അപ്പാർട്ട്മെന്റിലെ നിരവധി ജനലുകളും വാതിലുകളും തകർന്നു. സമീപ ഫ്ലാറ്റുകൾക്കും കേടുപാടുകൾ സംഭവിച്ചതോടെ പ്രദേശത്ത് പരിഭ്രാന്തി പടർന്നു. സ്ഫോടനസമയത്ത് കെട്ടിടത്തിലുണ്ടായിരുന്നവർ വലിയ ശബ്ദം കേട്ടതായും ഒന്നാം നിലയിൽ വൻ നാശ നഷ്ടങ്ങളുണ്ടായതായും പറഞ്ഞു.
സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഗ്യാസ് ചോർന്നതാകാമെന്ന സംശയം ചിലർ ഉന്നയിക്കുന്നുണ്ടെങ്കിലും എല്ലാ സാധ്യതകളും പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷമേ സ്ഫോടനത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ എന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

