മണിപ്പൂരിൽ രണ്ട് സ്ത്രീകളെ വെടിവെച്ചുകൊന്നു; ഭർത്താവിനും കുഞ്ഞിനും പരിക്ക്
text_fieldsഇംഫാൽ: മണിപ്പൂരിലെ തമൻഗ്ലോങ്, നോനി ജില്ലകളിലെ സായുധ ആക്രമണങ്ങളിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. ഒരാളുടെ ഭർത്താവിനും കൈക്കുഞ്ഞിനും പരിക്കേറ്റു. തമൻഗ്ലോങ് ജില്ലയിൽ ഞായറാഴ്ച പുലർച്ചെ നാലുമണിക്കായിരുന്നു ആദ്യ സംഭവം. ടോലെൻ കുക്കി ഗ്രാമത്തിൽ താമസിക്കുന്ന ലിംഗ്ജംഗൈ സിങ്സിറ്റിനെയാണ് വീട്ടിൽവെച്ച് സായുധസംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. ഭർത്താവ് സെയ്നെയ് സിങ്സിറ്റിനും കൈക്കുഞ്ഞിനും പരിക്കേറ്റു. സംഭവത്തെ തുടർന്ന് സുരക്ഷാസേനയെത്തി വൈദ്യസഹായം നൽകി.
രണ്ടാമത്തെ സംഭവം ലോങ്പി ഗ്രാമത്തിൽ ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് നടന്നത്. വെടിവെപ്പിൽ ജൂലി ഗാങ്തെ എന്ന സ്ത്രീ കൊല്ലപ്പെട്ടു. 1990കളിൽ മണിപ്പൂരിൽ നടന്ന കുക്കി-നാഗ സംഘർഷത്തിനിടെ കൊല്ലപ്പെട്ടവരെ അനുസ്മരിക്കാനായി കുക്കി സമൂഹം സെപ്റ്റംബർ 13ന് ആചരിക്കുന്ന ‘സാഹിത് നി’ അഥവാ ‘ബ്ലാക്ക് ഡേ’ ദിനത്തിലായിരുന്നു കൊലപാതകങ്ങൾ.
2023 മേയിൽ താഴ്വര കേന്ദ്രീകരിച്ച മെയ്തെയ് വിഭാഗവും മലയോര മേഖലകളിലെ കുക്കി വിഭാഗവും തമ്മിൽ ആരംഭിച്ച വംശീയ സംഘർഷത്തിൽ ഇതുവരെ 306 പേർ കൊല്ലപ്പെട്ടതായും 49 പേരെ കാണാതായതായും ആയിരക്കണക്കിന് പേർ ഭവനരഹിതരായതായും റിപ്പോർട്ടുണ്ട്.
ടോലെൻ കുക്കി ഗ്രാമത്തിലെ സംഭവം ഏറെ അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്നതാണെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ എൻ. ബിരേൻ സിങ് സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു. നിരപരാധികളായ സാധാരണക്കാരുടെ സുരക്ഷയ്ക്കായിരിക്കണം ഏറ്റവും പ്രാധാന്യം നൽകേണ്ടതെന്നും ഇത്തരം അക്രമങ്ങൾ ജനങ്ങളുടെ ദുരിതം വർധിപ്പിക്കുകയും സമാധാനത്തിലേക്കുള്ള ദുർബലമായ ശ്രമങ്ങളെ കൂടുതൽ തകർക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

