മണിപ്പൂർ കലാപം: പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: 2023ലെ മണിപ്പൂർ വംശീയ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സുപ്രീം കോടതി നിർദേശം. സി.ബി.ഐ, എൻ.ഐ.എ കേസുകളുടെ വിചാരണക്കായി രണ്ട് പ്രത്യേക കോടതികൾ ആരംഭിക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവർ മണിപ്പൂർ, അസം സർക്കാറുകളോട് ആവശ്യപ്പെട്ടത്.
കേസുകളുടെ വിവരങ്ങൾ കൃത്യമായി ലഭിക്കുന്നതിന് ഹൈകോടതി രജിസ്ട്രാർ ജനറലിനോട് സ്റ്റാറ്റസ് റിപ്പോർട്ട് നൽകാനും സുപ്രീം കോടതി നിർദേശിച്ചു. കേസിലെ അന്വേഷണത്തിലും തുടർ നടപടികളിലും ബെഞ്ചിന്റെ പ്രത്യേക നിരീക്ഷണവുമുണ്ടാവും. സി.ബി.ഐ, എൻ.ഐ.എ കേസുകളുടെ വിചാരണക്കായി പ്രത്യേക ജഡ്ജിയെയും നിയമിക്കും. കുറ്റപത്രം സമര്‍പ്പിച്ച കേസുകളുടെ വിവരങ്ങള്‍, കേസ് നമ്പറുകള്‍, കേസിന്റെ നിലവിലെ അവസ്ഥ എന്നിവ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും അഭിഭാഷകര്‍ക്കും ലഭ്യമാക്കുന്ന രീതിയില്‍ ക്രോഡീകരിച്ച് സമര്‍പ്പിക്കാനും അധികൃതരോട് ആവശ്യപ്പെട്ടു.
മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിച്ച 31 കേസുകളില്‍ 27 എണ്ണത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. ഇതിൽ 22 കേസുകളിൽ കുറ്റപത്രം നൽകിയപ്പോൾ, അഞ്ച് കേസുകളിൽ ക്ലോഷർ റിപ്പോർട്ടാണ് സമർപ്പിച്ചത്. ശേഷിച്ചവയിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്‍.ഐ.എ അന്വേഷിച്ച 30 കേസുകളില്‍ 15 എണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡൽഹി, അസം, മണിപ്പൂർ സംസ്ഥാനങ്ങളിലായാണ് എൻ.ഐ.എ കേസുകളുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

